- നിലമ്പൂർ എംഎൽഎ പിവി അൻവറിനെ ഡിഎംകെയിൽ എടുക്കാൻ സാധ്യതയില്ലെന്ന ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്റെ പ്രസ്താവനയോട് പ്രതികരിച്ച് അൻവറിന്റെ സഹപ്രവർത്തകൻ ഇ എ സുകു. ഇളങ്കോവൻ അല്ല ഡിഎംകെയുടെ അവസാന വാക്കെന്ന് സുകു. ഡിഎംകെയിൽ ചേരണമെന്നല്ല അൻവറിന്റെ ആവശ്യമെന്നും ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സുകു വിശദീകരിച്ചു. നല്ല തീരുമാനം തന്നെ സ്റ്റാലിൻ എടുക്കുമെന്നും തങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടെന്നും സുകു പറഞ്ഞു.
- സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനം കടുക്കുന്നു. ജലീലിൻ്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എസ് വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. മതപണ്ഡിതന്മാരെ അനാവശ്യമായി വലിച്ചിഴക്കുകയാണ് ജലീൽ. ജലീൽ പിണറായിയുടെ ഉപകരണമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
- സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെടി ജലീൽ എംഎൽഎ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പുമായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.
- ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും ഓൺലൈൻ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ നേരിട്ട് കടത്തി വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ പല കാരണങ്ങൾ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂ വഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പൊലീസ് ഉദ്യേഗസ്ഥരെ ക്രൗഡ് മാനേജ്മെന്റിനായി നിയോഗിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
- സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്. രാവിലെ പ്രതികളെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളിൽ വില്പന നടത്തിയെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പ്രതികൾ. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്.
- എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മൻ കോവിലിൽ നിന്ന് മൂന്നു പവൻ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂജാരി അരുൺ ആണ് അറസ്റ്റിലായത്. 3 പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തത് വിവാദമായിരുന്നു.
- ഈ വർഷത്തെ വയലാർ അവാർഡ് അശോകൻ ചരുവിലിൻ്റെ കാട്ടൂർക്കടവിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും ആണ് അവാർഡ്. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തിൽ പെടുന്നതാണ് കൃതി. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ളതാണ് കാട്ടൂർക്കടവ്. വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. 1977 മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നൽകിവരുന്ന വയലാർ അവാർഡിൽ 48ാമത്തെ പുരസ്കാര പ്രഖ്യാപനമാണിത്.
- തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 ന് കേരളത്തിലേക്ക് എത്തിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.കൊള്ള മുതൽ പലപ്പോഴും റമ്മി കളിച്ച് കളഞ്ഞു കുളിച്ചെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ റമ്മി കളിച്ചു പണം കളഞ്ഞെന്ന പ്രതികളുടെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല..
- ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ നാളെ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാക്കുന്ന കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ആശങ്ക. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് നാളെ ഇസ്രയേൽ തിരിച്ചടി നൽകും എന്ന അഭ്യൂഹം ശക്തം ആണ്. ഇറാന്റെ എണ്ണക്കിണറുകളും ആണവോർജ നിലയങ്ങളും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ പറയുന്നു. ഇസ്രയേലിലേക്ക് നാളെ കൂടുതൽ ആക്രമണത്തിന് ഹിസ്ബുല്ലയും ഇറാന്റെ നിഴൽ സംഘങ്ങളും ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്.
- ട്വൻറി20 വനിത ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സെമി ഫൈനൽ സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ്. ഒരു മാറ്റവുമയാണ് അയൽക്കാർക്കെതിരെ ഹർമൻപ്രീത് കൗറും സംഘവും കളത്തിലിറങ്ങുന്നത്
ഇന്നത്തെ പ്രധാനവാര്ത്തകള്
ഇളങ്കോവൻ അല്ല ഡിഎംകെയുടെ അവസാന വാക്കെന്ന് സുകു
Leave a comment