കേരളം ഉള്‍പ്പെടുന്ന അറബിക്കടലിന്റെ കിഴക്കന്‍ തീരത്ത് സമുദ്ര ജലനിരപ്പ് പ്രതിവര്‍ഷം 4.07 മില്ലിമീറ്റര്‍ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന.ലോകത്തിലെ മറ്റു കടല്‍മേഖലകളെ അപേക്ഷിച്ച് അറബിക്കടല്‍ മൂന്നിരട്ടി വേഗത്തില്‍ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തല്‍.ഇതുമൂലം കടലില്‍നിന്നും ഉഷ്ണ തരംഗം ഉയരുന്നു.അറബിക്കടലിന്റെ കിഴക്കന്‍ തീരത്ത് ഇതു കൂടുതലായി അനുഭവപ്പെടുന്നു. കേരളം ചുട്ടുപൊള്ളുന്നതിനു പിന്നില്‍ അറബിക്കടലില്‍ നിന്നുള്ള ഈ ഉഷ്ണതാപ തരംഗത്തിന്റെ പങ്ക് ഇതോടെ വ്യക്തമായി.ഭൂമിയിലെ അധിക താപത്തിന്റെ 90 ശതമാനം വലിച്ചെടുക്കുന്നതു കടലാണ്.സമുദ്രനിരപ്പ് തിളച്ചുയരാനും കടലേറ്റത്തിനും ഇതു വഴി തെളിക്കുന്നു.
ലോകത്ത് ഏറ്റവും വേഗത്തില്‍ ചൂട് വര്‍ധിക്കുന്ന സ്ഥലമായി ഏഷ്യ ഭൂഖണ്ഡം മാറുന്നു.ഏറ്റവുമധികം കാലാവസ്ഥാ ദുരന്തങ്ങള്‍ക്കു സാധ്യതയുള്ള ഇടമായും ഏഷ്യ മാറിക്കഴിഞ്ഞതായി ജനീവയില്‍ പുറത്തിറക്കിയ ഏഷ്യന്‍ കാലാവസ്ഥാ സ്ഥിതിവിവര റിപ്പോര്‍ട്ട് പറയുന്നു.1990 നെ അപേക്ഷിച്ച് ലോകത്തെ ശരാശരി താപനില 1.87 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിട്ടുണ്ട്.വടക്കു സൈബീരിയ മുതല്‍ പടിഞ്ഞാറ് പശ്ചിമേഷ്യവരെയും ചൈന മുതല്‍ ജപ്പാന് വരെയും ഏഷ്യന്‍ രാജ്യങ്ങളില്‍ ചൂട് വര്‍ധിക്കുന്നതായി പഠനം വ്യക്തമാക്കി.മരുഭൂമിയിലെ ന്യൂനമര്‍ദ ഫലമായി ഉയരുന്ന പൊടിക്കാറ്റില്‍ നിന്നുള്ള വായുമലിനീകരണം ചൈനയ്ക്കു ഭീഷണി ഉയര്‍ത്തുന്നു.
19702021 കാലത്ത് 3612 പ്രകൃതി ദുരന്തങ്ങളിലായി 984263 പേര്‍ക്കു ജീവഹാനി സംഭവിച്ചുവെന്നാണ് കണക്ക്.2008 ലെ നര്‍ഗിസ് ചുഴലിയില്‍ മാത്രം 1.38 ലക്ഷം പേര് മരിച്ചു.കഴിഞ്ഞ വര്‍ഷം മാത്രം 79 പ്രളയദുരന്തങ്ങളിലായി രണ്ടായിരത്തോളം പേര് മരിച്ചു.ഏപ്രില്‍ ജൂണ്‍ മാസങ്ങളിലെ താപതരംഗം മൂലം ഇന്ത്യയില്‍ 2003 ല്‍ 110 പേര് മരിച്ചു.ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റുന്നതുമൂലം വേണ്ട സമയത്ത് ആവശ്യത്തിനു മഴ കിട്ടുന്നില്ല.അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ താപനില മൈനസ് 33 ഡിഗ്രിയായും ചൈനയുടെ അതിര്‍ത്തി പ്രദേശത്ത് മൈനസ് 50 ഡിഗ്രിയായും റഷ്യയുടെ ചില ഭാഗങ്ങളില്‍ താപനില മൈനസ് 62 ഡിഗ്രി വരെ രേഖപ്പെടുത്തിയതാതും റിപ്പോര്‍ട്ടില്‍ പറയുന്നു.