വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു.
ബിജെപിയുടെ ജഗദാംബിക പാല് അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചു. തുര്‍ടന്ന് ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു.
സംഭവത്തിനു പിന്നാലെ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തത്. ബാനര്‍ജിയുടെ വിരലുകളില്‍ നാല് തുന്നലുകള്‍ ഇടേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.
സംഭവത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് അനക്സില്‍ നടന്ന യോഗം അല്പനേരം നിര്‍ത്തിവെക്കേണ്ടി വന്നു. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ജെപിസിയില്‍ ബില്ലിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു മണിക്കൂറോളം നീണ്ട അവതരണം നടത്തി. തുടര്‍ന്ന് ബിജെപി അംഗങ്ങളും ഒവൈസിയും തമ്മിലും വാക്കേറ്റമുണ്ടായി.