2 മാസത്തോളം നീണ്ടുനിന്ന ഷിരൂര്‍ ദൗത്യത്തിന് അന്ത്യം കുറിച്ച് ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ‘അര്‍ജുനും’ ലോറിയിലുണ്ടെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. തിരച്ചിലിന്റെ 71-ാം ദിവസമാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. നേരത്തെ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായക കണ്ടെത്തലുണ്ടായത്.