തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവുമായുള്ള വാക്കുതർക്കത്തിൽ വിശദീകരണവുമായി കെ.എസ്.ആര്.ടി.സി ഡ്രൈവർ യദു. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്ന് യദു പറഞ്ഞു. സച്ചിന്‍ദേവ് എം.എല്‍.എയും മോശമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
പാളയത്തുവെച്ച് മേയർ കാര്‍ കുറുകെ കൊണ്ടിട്ടു. അവര്‍തന്നെ വന്ന് ഡോർ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. ഇതിനിടെ, സച്ചിന് ദേവ് എം.എല്‍.എ ബസ്സിനുള്ളില്‍ കയറി വാഹനം എടുക്കാനാകില്ലെന്ന് പറഞ്ഞു. ബസ് മുന്നോട്ടെടുത്താല്‍ അത് വേറെ വിഷയമാകുമെന്ന് പറഞ്ഞു. ഡ്യൂട്ടി സമയത്താണ് തന്റെയടുത്ത് മോശമായി സംസാരിച്ചത്.
മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നത്. പി.എം.ജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നു.
സുപ്പര്‍ഫാസ്റ്റ് ബസ്സായതിനാല്‍ വേഗത്തില്‍ തന്നെയായിരുന്നു. എന്നാല്‍, അവരെ ഇടിച്ചുതെറിപ്പിച്ച പോലെയാണ് ഇവര്‍ പറയുന്നത്. താന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിയമനടപടിയൊന്നുമെടുത്തില്ല. രസീത് പോലും നല്‍കിയില്ല. പരാതിയുമായി മുന്നോട്ട് പോകാൻതന്നെയാണ് തീരുമാനമെന്നും യദു കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദുവിനെതെരെ പോലീസ് കേസെടുത്തിരുന്നു.