ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷി മര്‍ലേനക്കെതിരെ ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാള്‍. അതിഷി ഡമ്മി മുഖ്യമന്ത്രിയാണെന്നും ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നും സ്വാതി പറഞ്ഞു. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല് ഗുരുവിനെ വിട്ടുകിട്ടാന്‍ പ്രതിഷേധം ഉയര്‍ത്തിയ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കെജരിവാളിന്റെ പിന്‍ഗാമിയായാണ് അതിഷിയെ ആം ആദ്മി രാഷ്ട്രീയകാര്യ സമിതി മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.