കണ്ണൂർ : ഉപതെരഞ്ഞെടുപ്പ് ദിനത്തിലെ തന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്ക്സിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജന്. താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച ജയരാജന് സാധാരണ പ്രസാധകര് പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഡിസി ബുക്ക്സ് പാലിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫെയ്സ്ബുക്കില്‍ വന്നത് താനറിയാതെയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി പറഞ്ഞു.
പിഡിഎഫ് രൂപത്തിലാണ് വാട്ട്സാപ്പില്‍ ഉള്‍പ്പെടെ പുസ്തകത്തിന്റെ പകര്‍പ്പ് നല്‍കിയത്. ഇത് സാധാരണ രീതിയില്‍ പ്രസാധകര് ചെയ്യാന്‍ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ദിവസം തന്നെ അത് പ്രസിദ്ധീകരിച്ചത് ആസൂത്രിതമാണ്. ടൈംസ് ഓഫ് ഇന്ത്യ എന്തടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും ഇപി ചോദിച്ചു.
അതിനിടെ ആത്മകഥാ വിവാദത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇപി ജയരാജന്റെ പരാതിയിലായിരുന്നു അന്വേഷണം. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപിയും ഡിസി ബുക്ക്സും തമ്മില്‍ കരാര്‍ ഇല്ലെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലെന്നാണ് വിവരം.
അതേസമയം, ഡിസി രവി പൊലീസിന് നല്കിയ മൊഴിയുമായി ബന്ധപ്പെടുത്തി പുറത്തുവന്ന വാര്‍ത്തകളെ ഡിസി ബുക്ക് തള്ളിയിട്ടുണ്ട്. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് ഫെയ്സ്ബുക്കിലൂടെ ഡിസി അഭിപ്രായപ്പെട്ടു. നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ഡിസി ബുക്ക്സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്