തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029-30 അധ്യയന വർഷംവരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 2019-20 മുതൽ 2029-30 വരെയാണ് യു.ജി.സി അംഗീകാരം നൽകിയിരിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) റാങ്കിംഗിൽ രാജ്യത്തെ മികച്ച കോളേജുകളിൽ 53-ാം സ്ഥാനവും, കേരള ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) റാങ്കിംഗിൽ സംസ്ഥാനത്തുള്ള മികച്ച കോളേജുകളിൽ 10-ാം സ്ഥാനവും മഹാരാജാസ് കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. എജ്യുക്കേഷൻ വേൾഡ് – ഇന്ത്യ ഹയർ എജ്യുക്കേഷൻ എന്ന സ്വകാര്യ ഏജൻസി നടത്തിയ സർവ്വേയിൽ ഇന്ത്യയിലെ ഗവൺമെൻ്റ് ഓട്ടോണമസ് കോളേജുകളിൽ ഒന്നാം സ്ഥാനവും നേടിയതായി മന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ ഭരണകാലത്ത് മഹാരാജാസ് കോളേജിൽ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി. പുതിയ ഹോസ്റ്റൽ ബ്ലോക്കുകൾ, ഓഡിറ്റോറിയം, സിന്തറ്റിക് ട്രാക്കോടുകൂടിയ നവീകരിച്ച സ്റ്റേഡിയം തുടങ്ങിയവ ഉൾപ്പെടെ കോളേജിന് വലിയ വികസനങ്ങൾ നേടാൻ സാധിച്ചു.
കേരളത്തിലെ അക്കാദമിക-സാംസ്കാരിക രംഗത്ത് മഹാരാജാസ് കോളേജ് അതുല്യമായ സ്ഥാനം കാത്തുസൂക്ഷിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 2016 മുതൽ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയതായി അദ്ദേഹം വ്യക്തമാക്കി. പുതിയ അക്കാദമിക് ബ്ലോക്കിന് 10 കോടി, ലൈബ്രറി ബിൽഡിംഗിന് 9 കോടി, ഇൻടീരിയർ വർക്കുകൾക്ക് 3 കോടി, ഓഡിറ്റോറിയം, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം, കെമിസ്ട്രി സെമിനാർ ഹാൾ നിർമാണം എന്നിവയ്ക്ക് 15 കോടി, പുതിയ ലേഡീസ് ഹോസ്റ്റലിനായി 10 കോടി, ബോയ്സ് ഹോസ്റ്റൽ മെസ് ഹാൾ നവീകരണത്തിനായി 1 കോടി 30 ലക്ഷം, സിന്തറ്റിക് ട്രാക്ക് നിർമാണത്തിന് 7 കോടി, സിന്തറ്റിക് ഹോക്കി ടർഫ് നിർമ്മാണത്തിന് 9 കോടി 53 ലക്ഷം രൂപ എന്നിങ്ങനെയാണ് കോളേജിന്റെ വികസനത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്.