കോട്ടയം : വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും, ഡ്രൈവിങ് ലൈസൻസും കാത്തിരിക്കുന്നത് ലക്ഷത്തിലേറെപ്പേരാണ് സംസ്ഥാനത്തുള്ളത്. 1,02,978 വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യാനായിട്ടുള്ളത്.
പ്രിന്റ് ചെയ്ത ആർ.സിക്ക് പകരം ഡിജിറ്റൽ രേഖ മതിയെന്ന് മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചെങ്കിലും മറ്റ് സംസ്ഥാനങ്ങളിലുൾപ്പെടെ യാത്ര ചെയ്യുന്നവർക്ക് ആർ.സി ബുക്കും ലൈസൻസും കൈവശമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. 40,388 ലൈസൻസുകൾക്ക് വേണ്ടിയും അപേക്ഷകർ കാത്തിരിക്കുകയാണ്.
ആർ.സി, ലൈസൻസ് എന്നിവയുടെ അച്ചടി മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ഇവ അച്ചടിക്കാൻ ചുമതലപ്പെടുത്തിയ കമ്പനിക്ക് 14 കോടിയിലേറെ രൂപയാണ് സർക്കാർ നൽകാനുള്ളത്. തുടർന്നാണ് അച്ചടി താൽക്കാലികമായി നിർത്താൻ കമ്പനി തീരുമാനിച്ചത്. ആർ.സിയും ലൈസൻസും ലഭ്യമാക്കാത്ത സാഹചര്യത്തിലും എ.ഐ കാമറ വഴി പിടികൂടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് കുറവില്ലെന്നാണ് കണക്കുകൾ.
ഇതുവഴി നൂറുകോടിയിലേറെ പിഴയീടാക്കിയെന്നും രേഖകൾ വ്യക്തമാക്കുന്നു. പിഴ നോട്ടീസ് ലഭിച്ചിട്ടും അടക്കാത്തവരും നിരവധിയാണ്. കരാർ കമ്പനി അച്ചടി നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗതാഗത വകുപ്പിന്റെ വാദം. എന്നാൽ സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.