കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്റെ 9-ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ‘പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു വിഷയം. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തില്‍ നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രവര്‍ത്തനപരമായ പ്രതിരോധശേഷി എന്നിവ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് കേരള സര്‍ക്കിള്‍ മേധാവി എസ്. ബിന്ദിഷ്, ആക്സിസ് ബാങ്ക് കൊമേഴ്സ്യല്‍ ബാങ്കിങ് ഗ്രൂപ്പ് എസ്ഇജി ബിസിനസ് മേധാവി രാതുല്‍ മുഖോപാധ്യായ്, ആക്സിസ് ബാങ്ക് ട്രഷറി മാര്‍ക്കറ്റ് സെയില്‍സ് സൗത്ത് റീജിയണല്‍ മേധാവി ദീപക് സെന്തില്‍കുമാര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

ആക്സിസ് ബാങ്ക് ഡെപ്പോസിറ്റ്സ് & ലയബിലിറ്റീസ് മേധാവി രാജേന്ദ്ര ജയ്കുമാര് മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ ടിപിഎഫ് ഭാരത് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ടോളിന്‍സ് ലിമിറ്റഡ് ഡയറക്ടറുമായ ക്രിസ് ടോളിന്, അഗപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍, ഷെറില്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ അക്ഷിത് തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ അവര്‍ പങ്കുവെച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള 100ല്‍ പരം സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും വിപണി സാന്നിധ്യം കൂട്ടാനുമുള്ള പരിഹാരങ്ങള്‍ ആക്സിസ് ബാങ്ക് ഇതിലൂടെ സംരംഭകര്‍ക്ക് നല്കി. ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രവര്‍ത്തനക്ഷമത, പുതിയ കാലഘട്ടത്തിലെ ബിസിനസ് തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള യഥാര്‍ത്ഥ ഉള്‍ക്കാഴ്ചകള്‍ സെമിനാര്‍ പങ്കുവെച്ചു. ഇത് എംഎസ്എംഇകളെ വിപണി വ്യതിയാനങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിക്കും. അര്‍ത്ഥവത്തായതും നൂതനവുമായ സഹകരണങ്ങളിലൂടെ ഭാവിക്ക് തയ്യാറായ ഒരു ഇന്ത്യയെ രൂപീകരിക്കാനുള്ള ആക്സിസ് ബാങ്കിന്റെ വിശാലമായ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇകള്‍ മൊത്തം ജിഡിപിയുടെ മൂന്നിലൊന്നിനടുത്ത് സംഭാവന നല്‍കുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നുവെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുനീഷ് ശര്‍ദ പറഞ്ഞു.
ആക്സിസ് ബാങ്ക് ഒരു സാമ്പത്തിക സേവന ദാതാവായി മാത്രമല്ല മറിച്ച് എംഎസ്എംഇകളെ ഭാവിയിലേക്കുള്ള മുന്നേറ്റത്തിന് സജ്ജമാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, പിന്തുണ എന്നിവ നല്കി ശാക്തീകരിക്കുന്ന പ്രവര്ത്തകശക്തിയാണ്. ഇന്ത്യയുടെ സാമ്പത്തിക വിജയത്തിന്റെ പ്രധാന പ്രേരകശക്തികളായ എംഎസ്എംഇകളുടെ അഭിലാഷങ്ങളെ പിന്തുണച്ചുകൊണ്ട് അവരെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ല്‍ ആരംഭിച്ച ഇവോള്‍വ് സീരീസ് ഇന്ത്യയിലെ എംഎസ്എംഇകളെ ശക്തിപ്പെടുത്താനുള്ള ഒരു പരിവര്‍ത്തന പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്. 50-ലധികം നഗരങ്ങളിലായി 9,000-ലധികം എംഎസ്എംഇ സംരംഭകരെ ഇത് സ്വാധീനിച്ചു. കൊച്ചി, ഡല്‍ഹി, മുംബൈ, ലഖ്നൗ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഇന്‍ഡോര്‍, അഹമ്മദാബാദ് എന്നീ 10 പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം ആക്സിസ് ബാങ്ക് ഇവോള്‍വ് സംഘടിപ്പിക്കും.
ഇവോള്വിലൂടെ എംഎസ്എംഇകള്‍ക്ക് വ്യവസായ പ്രമുഖര്‍, സാമ്പത്തിക വിദഗ്ധര്‍, സഹപ്രവര് ത്തകര് തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം ആക്സിസ് ബാങ്ക് നല്‍കും. ഇതിലൂടെ പങ്കിട്ട വിജയകഥകളും നവീന ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സജീവമായ സാമ്പത്തിക പരിസ്ഥിതി രൂപീകരിക്കുകയാണ് ലക്ഷ്യം.