ഹൈദരാബാദ്: തെലങ്കാനയിലെ ജൂബിലി ഹിൽസിലുള്ള തെലുങ്ക് നടൻ അല്ലു അർജുന്റെ വസതിയിൽ ആക്രമണം നടത്തിയ കേസിൽ പ്രതികളായ ആറ് പേർക്ക് ജാമ്യം അനുവദിച്ച് സിറ്റി കോടതി. കഴിഞ്ഞ ദിവസമാണ് പ്രതിഷേധവുമായി എത്തിയ സംഘം താരത്തിന്റെ വീട് ആക്രമിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് വസ്തുവകകൾ നശിപ്പിച്ചതും.
അതേസമയം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപലപിച്ചു. എന്നാൽ നടന്റെ വീട് ആക്രമിക്കാൻ നേതൃത്വം നൽകിയ പ്രതികളിൽ ഒരാൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിച്ചു. പ്രതിയായ കൊടങ്ങൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് റെഡ്ഡി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പ്രചരിച്ചത്.
ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ (OU-JAC) ഭാഗമായ പ്രവർത്തകർക്കാണ് ജാമ്യം അനുവദിച്ചത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും മകനും കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സംഭവം.