തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകം തന്നെയെന്ന് പിതാവ് ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഡ്രൈവറായിരുന്ന അര്ജുന് മുമ്പും പല കേസുകളിലെ പ്രതിയായിരുന്നുവെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. സിബിഐ യും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായവരില്‍ അര്‍ജുനുണ്ടായിരുന്നു. സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതല്‍ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അര്‍ജുനായിരുന്നു. ചില കവര്‍ച്ച കേസുകളിലും അടിപിടി കേസുകളിലും അര്ജുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബാലഭാസ്കറിന്റെ അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നതെന്നും അര്‍ജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു.