തൃശൂർ: ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള നടത്തിയ റിജോ ആൻ്റണിയെ ഇന്ന് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മോഷ്ടിച്ച 15 ലക്ഷത്തിൽ 13 ലക്ഷം രൂപയാണ് കണ്ടെത്താനായത്. ചെലവാക്കിയ ബാക്കി പണം സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.36 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞദിവസം പ്രതിയെ പൊലീസ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി അറസ്റ്റിലായതറിഞ്ഞ് റിജോ ആൻ്റണി കടം വീട്ടിയ വ്യക്തി പണം തിരികെ നൽകിയിരുന്നു. അന്നനാട് സ്വദേശിയാണ് 2.9 ലക്ഷം രൂപ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തി തിരികെ നൽകിയത്.