മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. താല്പര്യമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന രാജീവ് ഒടുവിൽ സമ്മതം മൂളി എന്നാണ് ലഭിക്കുന്ന വിവരം. മാർച്ചിനകം പുതിയ സംസ്ഥാന പ്രസിഡന്റ് ചുമതലയേൽക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സംസ്ഥാന പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനവും, തനിക്ക് കേരളത്തിൽ തന്നെ എപ്പോഴും നിൽക്കേണ്ടി വരുന്ന പ്രശ്നവും അദ്ദേഹം കേന്ദ്രനേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല പുതിയ സംസ്ഥാന കമ്മിറ്റിക്കായിരിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അഞ്ച് വർഷം പൂർത്തിയാക്കിയവരെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്നും മാറ്റണമെന്ന പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കിയാൽ സുരേന്ദ്രന് മാറേണ്ടി വരും. അവിടേയക്ക് രാജീവ് ചന്ദ്രശേഖറിനെ നിയോഗിക്കാനുള്ള നീക്കങ്ങളിൽ സംസ്ഥാന ബിജെപിയിലെ വിവിധ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. രാജീവുമായി ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ ആശയവിനിമയം നടത്തിയതായാണ് ലഭിക്കുന്ന വിവരം. സുരേന്ദ്രനെതിരെ സംസ്ഥാനത്ത് നിന്നും നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചെങ്കിലും സംസ്ഥാനത്ത് മികച്ച രീതിയിൽ പാർട്ടിക്ക് സുരേന്ദ്രൻ നേതൃത്വം നൽകിയെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം അടക്കം സുരേന്ദ്രന്റെ അക്കൗണ്ടിൽ തന്നെയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്. ഒരുഘട്ടത്തിൽ ശോഭാ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുന്നത്. ആ തീരുമാനം ആകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തു. കൃഷ്ണകുമാറിന് പകരം ശോഭാസുരേന്ദ്രൻ ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപിക്ക് പാലക്കാട് അട്ടിമറി വിജയം സുനിശ്ചിതമായിരുന്നു. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. ആലപ്പുഴയിലെ കെ സി വേണുഗോപാലിനെതിരായ പോരാട്ടവും ശോഭയ്ക്ക് പൊൻതൂവൽ ആണ്. എല്ലാവർക്കും പൊതുവേ സ്വീകാര്യയാണെങ്കിലും അവസാനഘട്ടത്തിൽ ശോഭയെ കേന്ദ്ര നേതൃത്വം തഴഞ്ഞതായി ആണ് ലഭിക്കുന്ന വിവരം. കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരിഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, കേരളംപോലെ സാക്ഷരതയിൽ മുൻപന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് അതിലൂടെ പാർട്ടിക്ക് വരുന്ന സ്വീകാര്യത എന്നിവയ്ക്കൊപ്പം സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവി നൽകിയതിൽ അദ്ദേഹത്തിനുള്ള അതൃപ്തിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനത്തിലൂടെ പരിഹാരം ആവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവൻ പേരെയും നേരിട്ട് കണ്ട് വോട്ടുകൾ ഉറപ്പിക്കാനാണ് പദ്ധതി. ഈ കാര്യത്തിൽ ഉൾപ്പടെ പൊതുജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്താനും മികച്ച റിസൽട്ട് ഉണ്ടാക്കാനും നേരത്തെ എം.പിയും മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. കൃഷി, ആരോഗ്യം, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയാണ് ഇതിനായി നേതൃത്വം നേരിൽ കാണുക. മധ്യവർഗ സമൂഹങ്ങളിലെ ഏറ്റവും വലിയ ചർച്ചയായ അമിത നികുതി സംബന്ധിച്ചും ചർച്ചകൾക്ക് വഴിയൊരുക്കും. ഇത്തരം കാര്യങ്ങൾക്ക് രാജിവ് ചന്ദ്രശേഖരിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നുതന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സർക്കാരിന്റെ വികസന പദ്ധതികൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലികരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ തന്നെ വ്യക്തമാക്കിയതും ശുഭസൂചനയായാണ് നേതൃത്വം കാണുന്നത്. അതേസമയം, രാജീവ് ചന്ദ്രശേഖർ വിയോജിപ്പ് അറിയിച്ചാൽ എം.ടി രമേശ് തന്നെയാകും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരിക. ആർ.എസ്.എസിന്റെ പിന്തുണയും പാർട്ടിയിലെ ദീർഘകാല പരിചയ സമ്പത്തും മികച്ച സംഘടനാ പാടവവും എല്ലാ വിഭാഗം ജനങ്ങളിലും പാർട്ടിക്കുള്ളിലെ തന്നെ വിവിധ ഗ്രൂപ്പുകളിൽ പോലും ഉള്ള സ്വീകാര്യതുടങ്ങിയവയെല്ലാം എം.ടി രമേശിന് അനുകൂല ഘടകങ്ങളാണ്. അപ്പോഴും രാജീവ് ചന്ദ്രശേഖർ ഇനിയെങ്ങാനും ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ തമ്മിൽതല്ല് രൂക്ഷമായ പാർട്ടിയിൽ ഏതൊക്കെ നേതാക്കൾ അദ്ദേഹത്തിന്റെ പിന്നിൽ അണിനിരക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.