കൊച്ചി: 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും കേരളം പിടിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. ഭരണത്തിന്റെ തുടർച്ച എങ്ങനെയും സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിന്.
ഇതിനിടയിൽ രാഷ്ട്രീയ അസ്ഥിത്വം സംസ്ഥാന രാഷ്ട്രീയത്തിൽ ഓളം വർദ്ധിപ്പിക്കുകയെന്നതാകും ബിജെപിയുടെ ആത്യന്തികമായ ലക്ഷ്യം. അതുകൊണ്ട് തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും ഏറെ കരുതലോടെയാണ് ബിജെപി നേതൃത്വം നോക്കിക്കാണുന്നത്.
ഒറ്റയടിക്ക് അല്ലെങ്കിലും ഘട്ടം ഘട്ടമായി ബിജെപിയെ കേരളത്തിന്റെ അധികാരത്തിലേക്ക് എത്തിയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾക്കാണ് ബിജെപി നേതൃത്വം തുടക്കം കുറിക്കുന്നത്. കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന ബിജെപി നേതൃയോഗം ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റു മണ്ഡലങ്ങളിൽ തകർന്നടിഞ്ഞപ്പോഴും തൃശൂരിലെ വിജയവും ചില മണ്ഡലങ്ങളിലെ മികച്ച പ്രകടനവും ബിജെപിക്ക് ആത്മവിശ്വാസം പകർന്നിരുന്നു.
തൃശ്ശൂരിൽ പാർട്ടി പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു സുരേഷ് ഗോപിയുടെ വിജയം. മാത്രവുമല്ല യുഡിഎഫിലും എൽഡിഎഫിലും സുരേഷ് ഗോപിയുടെ വിജയം പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്തു. അതേസമയം ബിജെപിക്ക് തിരിച്ചടിയായി മാറിയത് പാലക്കാട്ടെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലമായിരുന്നു. പാർട്ടിക്ക് ഏറെ വിജയപ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലത്തിൽ ഫലം പുറത്തേക്ക് വന്നപ്പോൾ തകർന്നടിയുകയായിരുന്നു.
ബിജെപിക്ക് വേണ്ടി പാർട്ടിക്കതീതമായ വ്യക്തിത്വമായ ഇ ശ്രീധരൻ നേടിയ 50,220 വോട്ടിൽ നിന്ന് 10,680 വോട്ട് കുറവാണ് ഇത്തവണ സി കൃഷ്ണകുമാറിന് കിട്ടിയത്. 2016ൽ ശോഭാ സുരേന്ദ്രൻ നേടിയ 40,076 ലും താഴെയായി ഇത്തവണത്തെ 39,549. സി. കൃഷ്ണകുമാർ തന്നെ ഏഴ് മാസം മുമ്പ് ലോക്സഭയിലെക്ക് നേടിയ 43,072 വോട്ടിൽ നിന്നും താഴേക്ക് പോകുന്ന സ്ഥിതി വരെയുണ്ടായി. പാലക്കാട്ടെ പരാജയത്തിന് പിന്നാലെ ബിജെപിയിൽ കനത്ത വിഭാഗീയത ഉണ്ടാവുകയും ചെയ്തു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ നേതാക്കൾ ഒന്നടങ്കം രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. ഒടുവിൽ കേന്ദ്രനേതൃത്വം ഇടപെട്ടായിരുന്നു വെടിനിർത്തൽ നടപ്പാക്കിയത്. പാലക്കാടും വയനാടും തിരിച്ചടി നേരിട്ടെങ്കിലും ചേലക്കരയിൽ ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണൻ നേടിയ വോട്ടുനില ഇത് വരെ പാർട്ടി മണ്ഡലത്തിൽ നടത്തിയ മികച്ച പ്രകടനമാണ്. കഴിഞ്ഞ തവണത്തെ 24,045 നേക്കാൾ 9564 വോട്ടുകളുടെ വർദ്ധനവ് ആണ് ഉണ്ടായത്.
സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മൂന്നാം തവണയാണ് വോട്ട് വർദ്ധിച്ചത്. ബിജെപി സ്ഥാനാർത്ഥികളിൽ ഒ രാജഗോപാലിന് ശേഷം ഒരാൾ ആദ്യമായാണ് ഉപതിരഞ്ഞെടുപ്പിൽവോട്ട് വർദ്ധിപ്പിക്കുന്നത്. ഒ. രാജഗോപാൽ 2012 ൽ നെയ്യാറ്റിൻകരയിലും 2015 ൽ അരുവിക്കരയിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ബിജെപി വോട്ട് ഗണ്യമായി വർദ്ധിച്ചിരുന്നു. പാർട്ടിയുടെ എ ക്ളാസ് മണ്ഡലം എന്ന് വിലയിരുത്തുന്ന പാലക്കാട് 10000 ലേറെ വോട്ട് കുറഞ്ഞപ്പോഴാണിത് എന്നതും ശ്രദ്ധേയം.
ഏഴുമാസം മുമ്പ് ഡോ. ടി എൻ സരസു നേടിയ 28,974 ലും മെച്ചപ്പെടുത്തി എന്നതും എടുത്തു പറയണം. അപ്പോഴും കേരളത്തിന്റെ അധികാരം പിടിക്കുക എന്ന ലക്ഷ്യമൊന്നും വരുന്ന തെരഞ്ഞെടുപ്പിലും ബിജെപിയ്ക്കില്ല. 50 സീറ്റുകളിൽ കൃത്യമായ മത്സരം കാഴ്ചവെക്കുകയും 15 സീറ്റുകളിൽ ഏത് വിധേയനെയും ജയിക്കാനുള്ള മാർഗം തേടുകയും ആണ് ബിജെപി.
മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ഏറെക്കുറെ പൂർത്തിയായി. നിലവിൽ ബിജെപിയുടെ അംഗത്വ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചവർക്ക് അതാത് മണ്ഡലങ്ങളിൽ ഇത്രത്തോളം അംഗങ്ങളെ ചേർക്കണമെന്ന നിർദ്ദേശമുണ്ട്. മെമ്പർഷിപ്പ് ചേർക്കലിന്റെ അടിസ്ഥാനത്തിലാകും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം. അതുകൊണ്ടുതന്നെ നേതാക്കൾ മത്സരിച്ച് അംഗങ്ങളെ ചേർക്കുന്ന തിരക്കിലാണ്.
അപ്പോഴും 15 മണ്ഡലങ്ങളിൽ വിജയിക്കുക അത്ര എളുപ്പമല്ല. യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കൃത്യമായി ചോർന്നാലെ ആ മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയം എളുപ്പമാകൂ. ഒട്ടേറെ മണ്ഡലങ്ങളിൽ വിജയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും കേരളം ആര് ഭരിക്കുമെന്നത് ബിജെപി നിർണയിക്കുന്ന ഘട്ടം ഉണ്ടാകുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. സംസ്ഥാന ഭരണം വീണ്ടും എൽഡിഎഫിലേക്ക് തന്നെ പോകണമെന്നാണ് ബിജെപിയുടെ മനസ്സിലുള്ളത്.
അങ്ങനെ വീണ്ടും തുടർഭരണം ഉണ്ടായാൽ ദേശീയതലത്തിൽ തങ്ങളുടെ പ്രധാന എതിരാളികളായ കോൺഗ്രസ് സംസ്ഥാനത്ത് ഇല്ലാതെയാകുമെന്നും ക്രമേണ സിപിഎമ്മും ക്ഷയിക്കുമെന്നും അതിന്റെ നേട്ടം ബിജെപിക്ക് ഭാവിയിൽ ഉണ്ടാകുമെന്നും നേതൃത്വം കരുതുന്നു. അതേസമയം, കേരളത്തിലെ ഭാവി പ്രവർത്തനങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും ദേശീയ നേതൃത്വം തന്നെയായിരുന്നു നേരിട്ട് കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ നേതൃമാറ്റത്തിനുള്ള സാധ്യതകൾ നന്നേ കുറവാണ്. ഇരു മുന്നണികളോടും വിമുഖത വെച്ചുപുലർത്തുന്ന പലർക്കും ബിജെപി പ്രതീക്ഷകളുടെ പച്ച തുരുത്ത് തന്നെയാണ്. എന്നാൽ നേതാക്കൾക്കിടയിലെ കടുത്ത വിഭാഗീയത വീണ്ടും പാലക്കാടിന്റെ തനിയാവർത്തനം സൃഷ്ടിക്കുമോയെന്ന ഭയമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.