കോടികള്‍ ചിലവഴിച്ച് മലയാള സിനിമകള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ കള്ളപ്പണ മാഫിയയോ… ? ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കോടികള്‍ വാരിയ മഞ്ഞുമ്മല്‍ ബോയ്സ് എക്കാലത്തേയും മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇടം പിടിച്ചിരുന്നു. 150 കോടി രൂപ രാജ്യത്തെ തീയേറ്ററുകളില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നുമടക്കം 250 കോടി രൂപയും കളക്ട് ചെയ്തെന്നായിരുന്നു സിനിമാ നിര്‍മ്മാതാക്കളുടെ അവകാശവാദം.
കേരളത്തിലും തമിഴ്നാട്ടിലുമായി വന്‍ തുക കളക്ട് ചെയ്ത ചിത്രം എന്ന പേരില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടായി. നടനും നിര്‍മ്മാതാവുമായ സൗബിന് ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസായിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍.
സിനിമയുടെ നിര്‍മ്മാണ പങ്കാളിയായിരുന്ന അരൂര്‍ സ്വദേശിയെ ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചന്ന പരാതിയാണ് മഞ്ഞുമ്മല്‍ ബോയ്സിനെ കുരുക്കിലേക്ക് നയിച്ചത്. സംഭവത്തില്‍ ഇ ഡി കേസെടുക്കുകയും പറവ ഫിലിംസിന്റെ സാമ്പത്തിക ശ്രോതസിനെപ്പറ്റി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ റെയിഡ് നടന്നത്. മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍ 60 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
സിനിമയുടെ പേരില്‍ ലഭിച്ചതായി പറയുന്ന കളക്ഷന്‍ പെരുപ്പിച്ച് കാണിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
നേരത്തെ ബോളിവുഡ് സിനിമയിലും ട്രോളിവുഡിലും മറ്റുമായിരുന്നു കോടികളുടെ കള്ളപ്പണം എത്തിയിരുന്നത്.
ഹിന്ദി സിനിമയില്‍ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പണം വരെ വന്നൊരു കാലമുണ്ടായിരുന്നു. കള്ളപ്പണക്കാരും അധോലോകവുമൊക്കെ നിയന്ത്രിക്കുന്ന വ്യവസായമായി ബോളിവുഡ് സിനിമാ രംഗം മാറിയതോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് സിനിമ. സിനിമയുടെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ പെരുപ്പിച്ച് കാണിച്ച് പണം വെളുപ്പിക്കുകയെന്ന തന്ത്രമാണ് കുറച്ചുകാലമായി മലയാള സിനിമയിലും ഉണ്ടായ പ്രവണത. ടിക്കറ്റുകള്‍ വ്യാജമായി ബുക്ക് ചെയ്ത് കാലിയായ സിനിമാ ശാലകള്‍പോലും ഹൗസ് ഫുള്‍ എന്ന് കാണിച്ച് പണം വെളുപ്പിച്ചതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാതിരുന്ന നിരവധി പേര് മലയാള സിനിമയില്‍ വന്‍കിട സിനിമാ നിര്‍മ്മാതാക്കളായി മാറിയ ചരിത്രമുണ്ട്. ഇവരുടെ സാമ്പത്തിക ശ്രോതസുകള്‍ വ്യക്തമായി അന്വേഷിച്ചാല്‍ മലയാള സിനിമയില്‍ നടക്കുന്ന കോടികളുടെ കള്ളപ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവരുമെന്നതാണ് വസ്തുത.
പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ ഇനി നടന് സൗബിന് ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു.
മഞ്ഞുമല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രാഥിമക കണ്ടെത്തല്‍ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നുമാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്ക് നല്‍കിയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.