ന്യൂഡൽഹി: ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ത്രിപുരയിലെ ഗുംദി നദിയിലുള്ള ഡംപുർ അണക്കെട്ട് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന ബംഗ്ലാദേശിന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴയാണ് ലഭിക്കുന്നതെന്നും താഴ്ന്നഭാഗത്തെ വൃഷ്ടിപ്രദേശങ്ങളിലെ മഴയാണ് ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നുമാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
ഓഗസ്റ്റ് 21 മുതൽ മേഖലയിലുള്ള കനത്തമഴ ത്രിപുരയിലെ ഇന്ത്യൻ അതിർത്തിയിലും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെന്നും പ്രസ്താവയിൽ വ്യക്തമാക്കുന്നു.
അതിർത്തിയിൽനിന്ന് ദൂരെ ബംഗ്ലാദേശിന് 120 കിലോമീറ്റർ മുകളിലായാണ് ഡംപുർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഉയരംകുറഞ്ഞ അണക്കെട്ടാണിത്. 40 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശും ഇതിൽനിന്ന് എടുക്കുന്നുണ്ട്.