തൃശ്ശൂര്‍: ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ‘സണ്‍ ബേണ്‍’ തൃശൂരിലേക്ക് മാറ്റി. ഡിസംബര്‍ 31 ന് വൈകിട്ട് 6 മുതല്‍ 10.30 വരെയാണ് പരിപാടി. അയ്യായിരം മുതല്‍ പതിനായിരം വരെ ആളുകള്‍ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് വഴിയാണ് പ്രവേശനം.
മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെ, ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെര്‍ഫോമന്‍സ് തുടങ്ങിയവ ഉണ്ടാകും. വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പരിപാടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടത്. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയായിരുന്നു 20,000 പേര് പങ്കെടുക്കുന്ന പരിപാടി പ്രഖ്യാപിച്ചത്.