തെക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 24 പേരോളം കൊല്ലപ്പെട്ടു 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും അവസ്ഥ ഗുരുതരമാണ്. സ്ഫോടനം ചാവേറാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.
റെയിൽവേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിനടുത്താണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് ട്രെയിൻ പുറപ്പെടാൻ തയ്യാറായിരുന്ന സമയത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസും സുരക്ഷാ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തി .
സംഭവ സമയത്ത് റെയിൽവേ സ്റ്റേഷനിൽ 100 ലധികം ആളുകൾ ഉണ്ടായിരുന്നു. ഇൻഫൻട്രി സ്കൂളിൽ നിന്നുള്ള സൈനികർ ആയിരുന്നു ലക്ഷ്യമെന്ന് ബലൂചിസ്ഥാനിലെ ഇൻസ്പെക്ടർ ജനറൽ മൗസ്സം ജാ അൻസാരി പറഞ്ഞു.