സമൂഹമാധ്യമമായ എക്സിന് വിലക്കേര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി. കോടതി ഉത്തരവുകള്‍ നടപ്പാക്കുകയും, പിഴ അടക്കുകയും ചെയ്യും വരെ എക്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ എക്സിന്റെ ഡസന്‍ കണക്കിന് അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പോര് തുടങ്ങിയത്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്.

ഏപ്രിലില്‍ ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനോട് അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നശിപ്പിക്കുകയാണ് എന്നാണ് ഇലോണ്‍ മസ്ക് പ്രതികരിച്ചത്. ഇലോണ്‍ മസ്കും യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുമായി വാക് പോര് നടന്നിരുന്നു.