കൊച്ചി: സ്വകാര്യ മാർക്കറ്റിംഗ് കമ്പനി ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സിൽ തൊഴില്‍ പീഡനം. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജ്മെന്റിന്റെ ക്രൂരത. യുവാക്കളുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുകായും തറയിൽ നക്കിക്കുകയും ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു.
എന്നാൽ പീഡന വിവരം ഒരാഴ്ച മുൻപ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുത്തിട്ടില്ലെന്നാണ് അഞ്ചുമാസം സ്ഥാപനത്തിൽ ജോലി ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ. അതേസമയം പരാതികൾ ഒന്നും ലഭിച്ചില്ലെന്നാണ് പോലീസും തൊഴിൽ വകുപ്പും അറിയിക്കുന്നത്.
പത്ര പരസ്യം കണ്ടാണ് പലരും ജോലിക്കായി എത്തുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-1000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.
‘എന്റെ വായില്‍ ഉപ്പിട്ട് തുപ്പാന്‍ അനുവദിച്ചില്ല. പാന്റഴിപ്പിച്ച് നിര്‍ത്തിക്കും. 2000ത്തിന് മുകളില്‍ ബിസിനസ് ചെയ്യാനാണ് ടാര്‍ഗറ്റ്. ഉറങ്ങാന്‍ സമ്മതിക്കില്ല. കക്കൂസ് കഴുകിക്കും. ഓഫീസിനകത്ത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിനകത്ത് വെച്ചാണ് ഉപദ്രവിക്കുന്നത്. പട്ടിയെ പോലെ മതിലിന്റെ മൂലയ്ക്ക് പോയി മൂത്രം ഒഴിക്കുന്നത് പോലെ കാണിക്കാന്‍ പറയും. തറയില്‍ നക്കിക്കും. ചീത്ത വിളിക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും’ ഉപദ്രവങ്ങളെ കുറിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പീഡനം സഹിക്കാൻ കഴിയാതെ ജോലി ഉപേക്ഷിച്ച തൊഴിലാളി പറഞ്ഞു.