മോട്ടോര്‍ വാഹനങ്ങളുടെ ചില്ലുകളില്‍ ബിഎസ്എസ് നിലവാരത്തോടെയുള്ള കൂളിങ് ഫിലിം പതിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. കൊച്ചിയിലെ സണ്‍ കണ്ട്രോള് ഫിലിം സ്റ്റോക്കിസ്റ്റിനും ആലപ്പുഴയിലെ അക്സസറീസ് സ്ഥാപനത്തിനും കൂളിങ് ഫിലിം ഒട്ടിച്ച വാഹനത്തിന്റെ ഉടമ കൃഷ്ണകുമാറിനുമെതിരെ മോട്ടോര്‍ വാഹനവകുപ്പ് നല്കിയ നോട്ടീസ് റദ്ദാക്കി ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് ഉത്തരവ്.
വാഹനങ്ങളില്‍ സേഫ്ടി ഗ്ലാസുകള്‍മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കൂളിങ് ഫിലിം പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ വാദം. എന്നാല്‍, 2021ല്‍ കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹനചട്ടം റൂള്‍ 100 ഭേദഗതി ചെയ്തതോടെ ബിഎസ്എസ് നിലവാരത്തിലുള്ള കൂളിങ് ഫിലിം അനുവദനീയമായി. സുപ്രീംകോടതിയുടെ ഉത്തരവ് ഈ ഭേദഗതിക്കുമുമ്പ് ഇറങ്ങിയതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.