എഞ്ചിനീയറിംഗ് വിസ്മയവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവുമായ ബുർജ് ഖലീഫയ്ക്ക് ഇന്ന് 15 വയസ്. 2010 ജനുവരി 4 നാണ് യൂണിറ്റ് അറബ് എമിറേറ്റ്സ് ബുർജ് ഖലീഫയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. 828 മീറ്റർ (2,717 അടി) ഉയരത്തിൽ 163 നിലകളുള്ള ഈ കെട്ടിടം പിന്നീട് ലോകത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായി.
2004-ൽ പുതിയ നഗരകേന്ദ്രത്തിൻ്റെ കേന്ദ്രബിന്ദുവായി മാറുന്ന ഒരു ടവർ നിർമ്മിക്കാൻ ദുബായ് തീരുമാനിച്ചതോടെയാണ് ബുർജ് ഖലീഫയുടെ നിർമാണം ആരംഭിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പേരിലുള്ള പദ്ധതിയുടെ ആദ്യ പേര് ബുർജ് ദുബായ് എന്നായിരുന്നു.
നിർമാണം പൂർത്തിയായതിനു ശേഷം അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ ബഹുമാനാർത്ഥം ടവറിന് ബുർജ് ഖലീഫ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ജനുവരി 4 ന് കെട്ടിടം ഔദ്യോഗികമായി തുറന്നു.