മുംബൈ: ശക്തമായ പോരാട്ടമാണ് ഇത്തവണ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യവും അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മഹാ വികാസ് അഖാഡിയും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികള്‍ക്കും ഇത്തവണ കടുത്ത വിമതശല്യമുണ്ട്. 288 മണ്ഡലങ്ങളിലേക്ക് ഈ മാസം 20 നാണ് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ 23 ന്.
സംസ്ഥാനത്തെ ചെറുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അസദുദീന് ഒവൈസിയുടെ എഐഎംഐഎം, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, പ്രകാശ് അംബേദ്കറുടെ വാഞ്ചിത് ബഹുജന്‍ അഖാഡി എന്നിവ രണ്ട് സഖ്യങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുമെന്നും കിങ്മേക്കേഴ്സ് ആകുമെന്നുമാണ് നിരീക്ഷണം. ചെറുപാര്‍ട്ടികളും സ്വതന്ത്രരും കൂടി മുപ്പതോളം സീറ്റുകളില്‍ വിജയിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ ഇത്തവണ ഒരു തൂക്കുസഭ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഈ എംഎല്‍എമാരുടെ നിലപാട് നിര്‍ണായകമാകും.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികള്‍ക്ക് ലഭിച്ചത് 29 സീറ്റാണ്. 63 ഓളം മണ്ഡലങ്ങളില്‍ ഈ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്ത് എത്തി. അത് ഇത്തവണ പ്രമുഖ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മുംബൈ പോലെ നഗരപ്രദേശങ്ങളില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് എംഎന്‍എസ്. ഇത്തവണ മുംബൈ മേഖലയിലെ 25 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. അതേസമയം, പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെയുടെ മകന് അമിത് താക്കറെയെ മഹിം മണ്ഡലത്തില്‍ ബിജെപി പിന്തുണയ്ക്കുന്നുണ്ട്. സഖ്യകക്ഷിയായ ഷിന്‍ഡെ വിഭാഗം ശിവസേനയുടെ സ്ഥാനാര്‍ത്ഥിയെ തള്ളിയാണ് ബിജെപിയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
മുസ്ലിം വോട്ടുകള്‍ ഗണ്യമായുള്ള ഔറംഗബാദ്, മുംബൈ മേഖലകളിലാണ് എഐഎംഐഎമ്മിന് സ്വാധീനം. മുസ്ലിം വോട്ടുകളെ ലക്ഷ്യമിടുന്ന പാര്‍ട്ടി സ്വാഭാവികമായും കോണ്‍ഗ്രസിനും സഖ്യത്തിനും വലിയ തലവേദന സൃഷ്ടിക്കും. അതേസമയം, ഇത്തവണ ശക്തികേന്ദ്രങ്ങളായ 16 സീറ്റുകളില്‍ മാത്രമേ എഐഎംഐഎം മത്സരിക്കുന്നുള്ളു. അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കറുടെ വിബിഎ ആണ് മറ്റൊരു നിര്‍ണായക ശക്തി. ദലിത്, ബുദ്ധ, മുസ്ലിം, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടി. മുംബൈ, വിദര്‍ഭ മേഖലകളിലെ 67 മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നത്. ഇതും കോണ്‍ഗ്രസ് നയിക്കുന്ന മതേതര മുന്നണിക്കാകും ക്ഷീണമുണ്ടാക്കുക. 2019 ല്‍ പത്തോളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത് വാഞ്ചിത് ബഹുജന്‍ അഖാഡിയുടെ സാന്നിധ്യമാണ്.
മറാത്താ സംവരണ പ്രക്ഷോഭത്തിന്റെ നായകന് മനോജ് ജാരങ്കെ പാട്ടീല്‍ ഇരുമുന്നണികള്‍ക്കും ഒരുപോലെ ഭീഷണിയാണ്. മറാത്ത്വാഡാ മേഖലയില്‍ സ്ഥാനാര്‍ത്ഥികളെ നോക്കി പിന്തുണയെന്ന മനോജിന്റെ നിലപാട് നിര്‍ണായകമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ നിലപാട് അദ്ദേഹം സ്വീകരിച്ചത്, അതിന്റെ ഫലം കാണുകയും ചെയ്തു. സംസ്ഥാനത്ത് 30 ശതമാനത്തോളം മറാത്തികളാണുള്ളത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മറാത്തികളെ ബിജെപി ചതിക്കുകയാണെന്ന വിമര്‍ശനം കടുപ്പിക്കുകയാണ് മനോജ് ജാരങ്കെ. അതേസമയം, മറാത്താ സംവരണത്തിനെതിരെ മറുവശത്ത് ബിജെപിക്ക് അനുകൂലമായി വോട്ടുകളുടെ ഏകീകകരണം ഉണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ ജാട്ട് രാഷ്ട്രീയത്തിനെതിരെ ഉണ്ടായ എതിര് സമുദായങ്ങളുടെ ഏകീകരണം ബിജെപിയെ തുണച്ചത് ഒരു ഉദാഹരണമാണ്.