കൊല്‍ക്കത്ത: ബലാത്സംഗക്കൊലയ്ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ (വെസ്റ്റ് ബെംഗാള്‍ ക്രിമിനല്‍ ലോസ് ആന്‍ഡ് അമന്‍ഡ്മെന്റ്) 2024 എന്നാണ് ബില്ലിന്റെ പേര്.ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീ മരിക്കുകയോ കോമയിലാവുകയോ ചെയ്യുന്നപക്ഷം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്‍. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.
കൊല്‍ക്കത്ത ആര്.ജി. കര് മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിര്‍ദേശങ്ങളടങ്ങിയ ബില്ലുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. നിയമസഭയുടെ പ്രത്യേക സമ്മേളനം ഇതിനായി വിളിച്ചുചേര്‍ത്തിരുന്നു. നിയമമന്ത്രി മോലോയ് ഘതക് ആണ് ബില്‍ അവതരിപ്പിച്ചത്.അതേസമയം, വിവിധ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ബി.ബി. ഗാംഗുലി തെരുവില്‍ നടത്തുന്ന പ്രതിഷേധം ചൊവ്വാഴ്ചയും തുടരുകയാണ്. വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ വിനീത് ഗോയലിന്റെ രാജി ആവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം.