കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബർമാർക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനും എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാലചന്ദ്രമേനോൻ നൽകിയ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.
ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐ.ടി നിയമത്തിലെ 67, 67 എ വകുപ്പുകൾ കേസിൽ ചുമത്തിയിട്ടുണ്ട്. നടിയുടെ അഭിമുഖം യൂട്യൂബ് ചാനലുകൾ പോസ്റ്റ് ചെയ്തിരുന്നു.ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്ക്മെയിൽ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ആരോപണം ഉന്നയിക്കും മുമ്പ് അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
മൂന്ന് ലൈംഗികാരോപണങ്ങൾ വരുമെന്നായിരുന്നു ഭീഷണി. അതിന്റെ അടുത്ത ദിവസമാണ് നടി സമൂഹമാധ്യമത്തിൽ തനിക്കെതിരെ പോസ്റ്റിട്ടതെന്നും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 13ന് ഭാര്യയുടെ നമ്പറിലാണ് ഫോൺവിളി വന്നതെന്ന് ബാലചന്ദ്രമേനോൻ ചൂണ്ടിക്കാട്ടുന്നു.