ഡൽഹി : ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത, നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ റോഡരികില്‍ വില്‍ക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അത്തരം വിൽപ്പനക്കെതിരെ കർശന നിലപാട് സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിലവാരമില്ലാത്ത ഹെല്‍മെറ്റുകളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായാണ് ഈ നീക്കം.
ഇതിന്റെ പ്രാഥമിക നടപടിയായി രാജ്യവ്യാപകമായി പ്രചാരണം നടത്താൻ കേന്ദ്ര സർക്കാർ ജില്ലാ കളക്ടർമാർക്കും, ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദ്ദേശം നൽകി. വിപണിയില്‍ ലഭ്യമായ ഹെല്‍മെറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചും, ജീവൻ സംരക്ഷിക്കുന്നതില്‍ അവയുടെ പ്രധാന പങ്കിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ജനങ്ങളുമായി പങ്ക് വെയ്ക്കുകയാണ് ആദ്യഘട്ടം.
നിലവാരമില്ലാത്തതോ ഐഎസ്ഐ അല്ലാത്തതോ ആയ ഹെല്‍മെറ്റുകളുടെ നിർമ്മാണം മനുഷ്യ സുരക്ഷയെ സാരമായി ബാധിക്കുന്നുണ്ട്. ബിഐഎസ് സ്റ്റാൻഡേർഡ് മാർക്കിന്റെ ദുരുപയോഗം, ഗുണനിലവാരം ഇല്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
1988-ലെ മോട്ടോർ വാഹന നിയമപ്രകാരം ഹെല്‍മറ്റ് നിർബന്ധമാണ്. ബിഐഎസ് ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന നിർമ്മാതാക്കള്‍ക്കെതിരെയും വ്യാജ ഐഎസ്ഐ മാർക്ക് ഉപയോഗിക്കുന്നവർക്കെതിരെയും, മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്പന്നങ്ങള് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ചില്ലറ വ്യാപാരികള്‍ക്കെതിരെയും കർശനമായ നടപടി എടുക്കാൻ ആവശ്യപ്പെടുന്നതാണ് സർക്കാർ ഉത്തരവ്.
ബിഐഎസ് കെയർ ആപ്പ് വഴിയോ ബിഐഎസ് വെബ്സൈറ്റ് സന്ദർശിച്ചോ ഉപഭോക്താക്കള്‍ക്ക് ഹെല്‍മറ്റ് നിർമ്മാതാവിന്റെ ബിഐഎസ് ലൈസൻസ് പരിശോധിക്കാവുന്നതാണ്.