ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ രൂക്ഷമാകവെ വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്.സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന ഷാജി എന്‍ കരുണിന്റെ പ്രസ്താവനയെയാണ് നടി രുക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.ബീന പോളിനെ തഴഞ്ഞ് ഷാജി എന്‍ കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാര്‍വതിയുടെ വിമര്‍ശനം.ഒരു സ്ത്രീയ്ക്ക് ചുമതല നല്കിയാല് ലോകം സ്തംഭിച്ചൊന്നും പോകില്ലെന്നാണ് ബീന പോളിനെ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍വതി പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഇതിനൊപ്പം പദവി ഏറ്റെടുക്കാമെന്ന ഷാജി എന്‍ കരുണ്‍ പറഞ്ഞ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്.
‘ഒരുപക്ഷെ, ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സാര്‍. ഒരുപക്ഷെ, ഈ സ്ഥാനത്തേക്ക് വരാന്‍ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് വരുത്താനും കഴിയും. ഒരുപക്ഷെ, ഒരു സത്രീ ചുമതല ഏറ്റെടുത്തു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലായിരിക്കും. ബീന പോള്‍ ഫോര്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍,’ എന്നാണ് ഷാജി എന്‍ കരുണിന്റെ പ്രതികരണത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് കൊണ്ട് പാര്‍വതി കുറിച്ചിരിക്കുന്നത്.
ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്ന് സംവിധായകന് രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനത്തേക്ക് സര്‍ക്കാരിന് പുതിയ ആളുകളെ പരിഗണിക്കേണ്ടി വന്നത്.നിലവില്‍ ചലച്ചിത്ര വികസന കോര്പറേഷന് അധ്യക്ഷനാണ് ഷാജി എന്‍ കരുണ്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷയായി ബീന പോളിനെ പരിഗണിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഐഎഫ്എഫ്കെ ഡയറക്ടറായി നീണ്ട നാള് പ്രവര്‍ത്തിച്ച പരിചയവും സിനിമാമേഖലയിലെ അവരുടെ അനുഭവസമ്പത്തുമെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സര്‍ക്കാരും ബീന പോളിനെ തന്നെയാണ് പരിഗണിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചില എതിര്‍പ്പുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.ഡബ്ല്യുസിസി സ്ഥാപക അംഗങ്ങളിലൊരാള്‍ കൂടിയാണ് ബീന പോള്‍.