ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് ഇല്ലെന്ന് ബിസിസിഐ നിലപാട് വ്യക്തമാക്കിയതോടെ ടൂര്‍ണമെന്റ് ഒന്നിലധികം രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള സാധ്യത തേടി ഐ സി സി. ഇക്കാര്യത്തില്‍ പാകിസ്താന്റെ നിലപാട് തേടിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം മറ്റൊരു വേദിയിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണനയിലുള്ളത്. യു എ ഇയിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക.
അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പാകിസ്താന്. ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പാകിസ്താന് പിന്മാറിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് പാക് സര്‍ക്കാര്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കുമെന്നാണ് വിവരം. ഹൈബ്രിഡ് മോഡലിന് പാകിസ്താന് സമ്മതമല്ലെങ്കില്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാനാണ് ഐ സി സി തീരുമാനം
അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ പാകിസ്താനിലാണ് ചാമ്പ്യന്‍സ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായുള്ള ഉഭയകക്ഷി പരമ്പരകള്‍ ഇന്ത്യ ഉപേക്ഷിച്ചത്. 2008 ലെ മുബൈ ഭീകരാക്രമണം മുതല്‍ ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ടില്ല. നിക്ഷ്പക്ഷ വേദികളില്‍ നടക്കുന്ന ഐ സി സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടാറുള്ളത്.