ചേലക്കര ഉറപ്പാക്കിയിരിക്കുന്ന എല്‍ഡിഎഫ്, സുവര്‍ണ്ണാവസരമെന്ന് പറയുന്ന യുഡിഎഫ്, ഏറെ പ്രതീക്ഷ വെച്ചിരിക്കുന്ന ബിജെപി. കടുപ്പമേറിയ പോരാട്ടത്തിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രവചാനാതീതമാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ്.
അഞ്ചര പതിറ്റാണ്ടിലധികമായി മാറിയും മറിഞ്ഞും വിധിയെഴുതിയ മണ്ഡലം ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇടത്തോട്ടും വലത്തോട്ടും ചായാന്‍ മടികാണിക്കാത്ത ചേലക്കര കഴിഞ്ഞ കാല്‍നൂറ്റാണ്ടായിട്ട് ഇടതുകോട്ടയായി ഉയര്‍ന്നുനില്‍ക്കുകയായിരുന്നു.
അങ്ങനെയുള്ളപ്പോള്‍ എന്തുവിലകൊടുത്തും ആ കോട്ട പൊളിക്കാന്‍ തന്ത്രങ്ങള്‍ മെനയാതിരിക്കുമോ കോണ്‍ഗ്രസ്. മണ്ഡലം കൈവിടുകയെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യവുമാണ്.
ജയപ്രതീക്ഷയുമായി ബി.ജെ.പിയും അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയും കളത്തിലിറങ്ങുമ്പോള്‍ ചേലക്കര ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.
യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ നടക്കുന്ന ശക്തമായ ഏറ്റുമുട്ടലില്‍ കേന്ദ്ര – സംസ്ഥാന രാഷ്ട്രീയ സംഭവ വികാസങ്ങളും സ്ഥാനാര്‍ഥികളുടെ മികവുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്. ആദ്യം കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെങ്കിലും രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് വിയോജിപ്പ് ഉള്ളവര്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. നിലവില്‍ പി വി അന്‍വറിന്റെ പാര്‍ട്ടിയില്‍ നിന്നും മത്സരിക്കുന്ന എന്‍ കെ സുധീര്‍ മുന്‍ കെപിസിസി സെക്രട്ടറിയായിരുന്നു.
സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം ചേലക്കരയില്‍ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. അതില്‍ അഞ്ച് തവണയും ചേലക്കരയുടെ എംഎല്‍എ കെ രാധാകൃഷ്ണനായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിനേയും മോഹിപ്പിക്കുന്നുണ്ട് ചേലക്കര.കോണ്‍ഗ്രസ് നേതാക്കളായ എം എ കുട്ടപ്പനും എം പി താമിയും കെ കെ ബാലകൃഷ്ണനുമൊക്കെ മുന്‍പ് വിജയിച്ചു കയറിയ മണ്ഡലമാണ് ചേലക്കര.
വീണ്ടും ബാറ്റിംഗ് നിര തകര്‍ന്നു, ഇന്ത്യ 263 ന് പുറത്ത്
പക്ഷേ, കെ രാധാകൃഷ്ണന് എത്തിയതോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളാകെ തകരുകയായിരുന്നു.1996-ല്‍ കോണ്‍ഗ്രസില്‍ നിന്ന് സംവരണ മണ്ഡലമായ ചേലക്കര സിപിഐഎമ്മിന് വേണ്ടി പിടിച്ചെടുത്തത് രാധാകൃഷ്ണനായിരുന്നു. അന്ന് 2323 വോട്ടിനായിരുന്നു ജയം. 2001-ല്‍ 1475 വോട്ടിന് ജയം ആവര്‍ത്തിച്ചു.
2006-ല്‍ 14629 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നേടി. 2011-ല്‍ അത് 24676 ആക്കി ഉയര്‍ത്തി. 2016-ല്‍ കെ രാധാകൃഷ്ണന് മല്‍സരത്തിനുണ്ടായിരുന്നില്ല. സിപിഐഎം സ്ഥാനാര്‍ഥിയായി വന്ന യു ആര് പ്രദീപ് 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിയമസഭയിലേക്ക് പോയത്. 2021-ല്‍ വീണ്ടും കെ രാധാകൃഷ്ണന് എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്ന് 39,400ലെത്തി.
ഭൂരിപക്ഷക്കണക്ക് നോക്കിയാല്‍ 2006 മുതല്‍ കെ രാധാകൃഷ്ണന് മല്‍സരിച്ചപ്പോഴൊക്കെ ചേലക്കരയില്‍ ഇടതു മുന്നണിക്ക് നേടാനായ വന്‍ ലീഡ് മണ്ഡലത്തിലെ കെ രാധാകൃഷ്ണന് ഇഫക്റ്റിന്റെ സൂചനയാണെന്ന് പറയേണ്ടി വരും. വോട്ട് കണക്ക് നോക്കിയാല്‍ 132,942 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട 2011-ല്‍ സിപിഐഎമ്മിന് നേടാനായത് 73,683 വോട്ടായിരുന്നു.
ചേലക്കര പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും ഇരു മുന്നണികളും ഇവിടെ ഒപ്പത്തിനൊപ്പമാണ്. മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിനും ദേശമംഗലം, പാഞ്ഞാള്‍, കൊണ്ടാഴി, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനുമാണ് മുന്‍ തൂക്കം.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് ചേലക്കരയില്‍ 23,695 വോട്ടിന്റെ ലീഡ് നേടാനായിരുന്നു. അത് 2021-ല്‍ കെ രാധാകൃഷ്ണന് മറികടക്കുകയും 39,400 വോട്ടിന്റെ വന്‍ ഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം.
2024-ല്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഇടത് സ്ഥാനാര്‍ഥിയായി വിജയിച്ച കെ രാധാകൃഷ്ണന് ചേലക്കരയില്‍ നേടാനായത് 5,173 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. LDF 60,368, UDF 55,195, BJP 28,974 എന്നിങ്ങനെയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില. സിപിഐഎമ്മിന് കനത്ത തിരിച്ചടിയുണ്ടായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കെ രാധാകൃഷ്ണന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
ഇടതുപക്ഷം കൃത്യമായ ആസൂത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടുപോകുന്നത്. പ്രധാനമായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റേയും ചേലക്കരയില്‍ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണന് നടത്തിവന്ന വികസനപ്രവര്‍ത്തനങ്ങളും പ്രചാരണത്തില്‍ ഉന്നയിച്ചാണ് അവര്‍ വിജയപ്രതീക്ഷ ഉറപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടത്തുന്ന ഇടപെടലുകള്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും എല്‍.ഡി.എഫ് ഉന്നയിക്കുന്നുണ്ട്. അത് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപാളയങ്ങള്.
മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയതെന്നും പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച് ജയം ഉറപ്പാക്കാനാകുമെന്നും ചേലക്കരയിലെ യു.ഡി.എഫ് പ്രതീക്ഷവെയ്ക്കുന്നു. മാത്രമല്ല മുന്‍ ആലത്തൂര്‍ എം പി രമ്യാ ഹരിദാസിനെ ഇറക്കിയതിലൂടെ മണ്ഡലം തിരികെ പിടിക്കുവാന്‍ ആകും എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് കോണ്‍ഗ്രസും.
സംസ്ഥാനത്തെ 50% സ്കൂളുകളെ മാലിന്യമുക്ത ക്യാമ്പസായി പ്രഖ്യാപിച്ച് വി ശിവൻകുട്ടി
തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ജയം ബി.ജെ.പി ക്യാമ്പിന് വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്. ജില്ലയിലെ നിയമസഭാ മണ്ഡലമെന്ന നിലയില്‍ ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിലുള്ള പാര്‍ട്ടിയുടെ പ്രതീക്ഷയും വലുതാണ്. ജില്ലയില്‍ ബി.ജെ.പിക്ക് ശക്തമായ സംഘടനാസംവിധാനമുള്ള മേഖല കൂടിയാണ് ചേലക്കര. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ പിന്നോക്കാവസ്ഥയും കുടിവെള്ള പ്രശ്നങ്ങളും ഊന്നിക്കൊണ്ടാണ് ബി.ജെ.പിയുടെ പ്രചാരണം.
രാധാകൃഷ്ണന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം കിട്ടിയേക്കില്ലെങ്കിലും അഭിമാന പോരാട്ടത്തില്‍ വിജയം ഉറപ്പിക്കുകയാണ് എല്‍.ഡി.എഫ്. യു.ഡി.എഫ് ആകട്ടെ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിയാമെങ്കില് ഇത്തവണ എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിക്കുന്നു. തന്നേയുമല്ല രാധാകൃഷ്ണന് 39,000 ഭൂരിപക്ഷമുണ്ടായിരുന്നത് ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ രാധാകൃഷ്ണന് തന്നെ മത്സരിച്ചിട്ടും 5000 ആയി ചുരുങ്ങി.
അവിടാണ് യുഡിഎഫ് മുതലെടുപ്പ് നടത്തി മനക്കോട്ടനെയ്യുന്നതും. ബി.ജെ.പിയാകട്ടെ മണ്ഡലത്തിലുള്ളയാളെന്ന നിലയിലും പ്രാദേശിക നേതാവെന്ന പരിചയവും മുതലാക്കി വലിയ മുന്നേറ്റം സ്വപ്നം കാണുന്നു. പ്രതീക്ഷകളും പരിശ്രമങ്ങളും ഏറെയായതുകൊണ്ടുതന്നെ പോരാട്ടം കടുപ്പമാണ് ചേലക്കരയില്‍. വിവാദങ്ങളും പ്രതിരോധങ്ങളുമൊക്കെ താണ്ടി ആരുടെ കൊടി ചേലക്കരയില്‍ ഉയരുമെന്നാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്.