ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ കമ്പംമെട്ട് സിഐ ഷമീർഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പുതുവത്സര തലേന്ന്, കുരമരകം മെട്ട് സ്വദേശിയായ ഓട്ടോഡ്രൈവർ മുരളീധരനെ ഷമീർഖാൻ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് മുരളീധരൻ നിലത്ത് വീണ് ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു മുരളീധരൻ പരാതി നൽകിയെങ്കിലും, കമ്പംമെട്ട് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായുണ്ടായ സംഘർഷമുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഷമീർഖാനെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്.