മധുര: ആശമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നു എളമരം കരീം. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും എളമരം കരീം പ്രതികരിച്ചു. ആശാ വർക്കർമാരോട് സിഐടിയുവിന് അനുഭാവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വച്ചാണ് ചർച്ച. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.