കൊച്ചി: തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ബിജെപിയും തിരുവമ്പാടി ദേവസ്വവുമാണെന്ന രൂക്ഷ വിമർശനവുമായി കൊച്ചിൻ ദേവസ്വം ബോർഡ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.15 വരെ വൈകിപ്പിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ബിജെപി നേതാക്കളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് സംശയമുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു .
പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിക്കുകയുണ്ടായി, മാത്രമല്ല താൻ ഇടപെട്ടാണ് എല്ലാം ശരിയാക്കിയതെന്ന വാർത്തയും പ്രചരിപ്പിച്ചു , ട്രാഫിക് നിരോധിത മേഖലയാണെന്ന് അറിഞ്ഞുകൊണ്ട് സ്വരാജ് റൗണ്ടിൽ സേവാ ഭാരതിയുടെ ആംബുലൻസിൽ നിയമം ലംഘിച്ച് സുരേഷ് ഗോപി വന്നതുമെല്ലാം പൂരം അലങ്കോലമാക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്നു.
ഇനിയുള്ള വർഷങ്ങളിലെ പൂരം നടത്തിപ്പിനായി ഉന്നതാധികാര കമ്മിറ്റിക്ക് രൂപം നൽകണമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.