കളക്ടറുടെ മൊഴി ആയുധമാക്കി ജാമ്യാപേക്ഷയില്‍ പുതിയ വാദങ്ങളുയര്‍ത്തി പിപി ദിവ്യ. തെറ്റ് ചെയ്തെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴി അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. ടിവി പ്രശാന്തനെ സസ്പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് ആരോപണം ശരിവയ്ക്കുന്നതാണ്. പ്രശാന്തന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ ചോദിക്കുന്നുണ്ട്. ജാമ്യാപേക്ഷ ഇന്ന് തലശേരി കോടതിയില്‍ സമര്‍പ്പിക്കും.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെ എന്ന് പിപി ദിവ്യ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കി. എഡിഎമ്മിന് മനോവേദന ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ദിവ്യ പറഞ്ഞു. അതിനിടെ കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ദിവ്യയ്ക്കെതിരായ നടപടി പാര്‍ട്ടി ആലോചിച്ചോളാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതികരിച്ചു. നടപടി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ദിവ്യയുടെ അറസ്റ്റില്‍ പൊലീസ് ശരിയായ നടപടിയാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണെന്നും ഗോവിന്ദന് പറഞ്ഞു