കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലർച്ചെ 2.30 ന് മരിച്ചത്.
കല്ലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാഷ്വാലിറ്റിയിൽ എത്തിയ രജനിയ്ക്ക് മരുന്നുകൾ നൽകി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് യുവതിയെ വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചു എന്നാൽ ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ യുവതിയെ പരിശോധിച്ചില്ലെന്നാണ് ആരോപണം.
വയനാട് ഹർത്താൽ; ദുരന്തത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു : വി.മുരളീധരൻ
മൂന്ന് ദിവസം കാഷ്വാലിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞ രജനിയെ വിവിധ പരിശോധനകൾക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടർ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് റഫർ ചെയ്തു.
തുടർന്ന് യുവതിയെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെവച്ച് ആരോഗ്യസ്ഥിതി വഷളായതോടെ ഐസിയുവിലേക്ക് മാറ്റുകയാണ് ഉണ്ടായത്. വെന്റിലേറ്റർ സഹായത്തിൽ കഴിയവേ ചൊവ്വാഴ്ച പുലർച്ചെ രജനി മരണപ്പെട്ടു .
ചികിത്സ വൈകിയതിനെ തുടർന്ന് രജനിയുടെ ഭർത്താവ് ഗിരീഷ് സൂപ്രണ്ടിന് പരാതി നൽകിയെന്നും ബന്ധുക്കൾ പറയുന്നു. പേരാമ്പ്ര പോലീസിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.