കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് കോൺഗ്രസിനോട് ഒരു വല്ലാത്ത മമതയാണ്. അതിന് ദേശീയ പ്രസ്ഥാനം ഇല്ലാതാക്കരുത് എന്ന ചിന്ത കൊണ്ടാണോ, അതോ കോൺഗ്രസിന്റെ എതിരാളികൾ മാധ്യമങ്ങൾക്കും എതിരാളികൾ ആയതുകൊണ്ടാണോ എന്നതിൽ നിശ്ചയമില്ല. കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും വല്ലാത്തൊരു പ്രിവിലേജാണ് നമ്മുടെ മാധ്യമങ്ങൾ നൽകുന്നത്. ഇപ്പോൾ വയനാടിലെ കോൺഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോൺഗ്രസ് നേതാക്കൾക്ക് വിഷയം അറിഞ്ഞ മട്ടു പോലുമില്ല, അത്രത്തോളം തന്നെ മാധ്യമങ്ങൾക്കുമില്ല.
ഇരട്ട ആത്മഹത്യയ്ക്ക് പ്രത്യക്ഷ കാരണക്കാരായ എംഎൽഎയെയും ഡിസിസി പ്രസിഡന്റിനെയും കോൺഗ്രസും മാധ്യമങ്ങളും ചേർത്തു നിർത്തുകയായിരുന്നു. അവരുടെ പക്ഷവും മാധ്യമങ്ങൾ അലഞ്ഞുതിരിഞ്ഞ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇപ്പോളിതാ ആ നിർഭാഗ്യവാനായ മനുഷ്യന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുന്നു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റും കൂടി നടത്തിയ ബാങ്ക് നിയമന തട്ടിപ്പിൽ ഒടുവിൽ കുടുങ്ങിയത് ഡിസിസി ട്രഷറർ. എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് പലതവണ അദ്ദേഹം കോൺഗ്രസ്സ് നേതാക്കന്മാർക്ക് പിന്നാലെ നടന്നു. കെപിസിസി പ്രസിഡന്റിനോടും സഹായത്തിനായി കരഞ്ഞപേക്ഷിച്ചു. ആരും സഹായിച്ചില്ല, ഗത്യന്തരമില്ലാതെ അദ്ദേഹവും മകനും ആത്മഹത്യ ചെയ്തു. കോൺഗ്രസ്സിന്റെ ഒരു നേതാവും ആ ആത്മഹത്യ പോലും ഗൗരവത്തിലെടുത്തില്ല. പ്രതിയായ എംഎൽഎയോടൊപ്പം നിൽക്കുമെന്ന്. നേതൃത്വം പറയുകയും ചെയ്തു.മനുഷ്യത്വം എന്നത് അയലത്തുകൂടി പോയിട്ടുള്ള ഒരാൾക്കും സാധിക്കാത്ത വിധം ആത്മഹത്യ കുറിപ്പിനെപോലും ചിലർ തള്ളിപ്പറഞ്ഞു. ഇത് ആത്മഹത്യ കുറിപ്പാണോയെന്ന് ആർക്കറിയാമെന്നാണ് ഒരു നേതാവ് പറഞ്ഞത്.
അച്ചനും മകനും നഷ്ടപ്പെട്ട കോൺഗ്രസ്സ് നേതാവിന്റെ കുടുംബത്തെ ഇങ്ങനെ ആക്ഷേപിക്കുമ്പോൾ മാധ്യമങ്ങൾ പരോക്ഷമായെങ്കിലും വേട്ടക്കാർക്ക് ഒപ്പം നിലകൊള്ളുന്നു.ആത്മഹത്യ കുറിപ്പ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവർക്ക് അയച്ചു കൊടുത്തു. പത്തു ദിവസം കാത്തിരിക്കണമെന്നും എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം പോലീസിനും മാധ്യമങ്ങൾക്കും നൽകണമെന്നുമാണ് ആത്മഹത്യ ചെയ്ത എൻ.എം വിജയൻ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നത്. കോൺഗ്രസിനോട് കത്തിൽ പരാമർശിക്കപ്പെട്ട നേതാക്കൾക്കൊന്നും ഇല്ലാത്ത കൂറ് ആ മനുഷ്യന് ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. കത്തുകിട്ടി പത്തുദിവസം കഴിഞ്ഞിട്ടും ഒരു കോൺഗ്രസ്സ് നേതാവും പ്രശ്നത്തിൽ ഇടപെടുകയോ ഫോണിൽ പോലും ബന്ധപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അവർ കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകുന്നതെന്ന് മകൾ അറിയിച്ചു. ഒരു നേതാവും തിരിഞ്ഞുനോക്കിയില്ല. കത്ത് പുറത്തുവരുമെന്ന് അറിഞ്ഞിട്ടുപോലും അനങ്ങിയില്ല. കത്ത് പുറത്തുവന്നിട്ടും അതിന്റെ വിശ്വാസ്യതയിൽ തൂങ്ങിയാണ് നേതാക്കളുടെ പ്രതികരണവും മാധ്യമങ്ങളുടെ നിരീക്ഷണവും. ഇവിടെ കോൺഗ്രസിന് പകരം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് എങ്കിലും പങ്ക് ഉണ്ടായിരുന്നെങ്കിൽ വാർത്തകൾ ഇങ്ങനെ ആകുമായിരുന്നില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം സൈബർ സഖാക്കൾ വ്യാപകമായി കുറിക്കുന്നുണ്ട്. അതേസമയം, വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറിപ്പും കത്തും പുറത്തുവന്നതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വമാകെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
കെപിസിസി നേതൃത്വത്തെ സമീപിച്ചിട്ടും നടപടിയില്ലാത്തതിനാലാണ് കത്ത് പോലീസിന് നൽകിയതെന്ന കുടുംബത്തിന്റെ നിലപാട് വരുംദിവസങ്ങളിൽ കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കും. സിപിഎമ്മും ബിജെപിയും ആരോപണങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തുവന്നപ്പോഴും വിശദീകരണയോഗത്തിലൂടെ പ്രതിരോധിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ബാങ്ക് നിയമനക്കോഴയുമായി ബന്ധപ്പെട്ട പരാതികൾ വരുമ്പോഴും നിയമപരമായി നേരിടുമെന്നായിരുന്നു എംഎൽഎയുടെയും ഡിസിസി നേതൃത്വത്തിന്റെയും നിലപാട്. ഒരേ വാദം ഉന്നയിച്ചതിനപ്പുറം ശക്തമായി പ്രതിരോധിക്കാൻപോലും കോൺഗ്രസിന് സാധിച്ചില്ല. അതിനിടെയാണ് കാര്യങ്ങൾ കൂടുതൽ പ്രതിരോധത്തിലാക്കി ആത്മഹത്യക്കുറിപ്പ് കുടുംബം പുറത്തുവിട്ടത്. കുറിപ്പ് കോൺഗ്രസ് അണികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വർഷങ്ങളായി നേതൃത്വത്തിനുനേരേയുള്ള ആരോപണങ്ങളെ ഫലപ്രദമായി നേരിടാനായില്ല. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം ആരോപണം നേരിട്ടു. ഇതിനൊന്നും ഇടവരാതെ വിഷയം അവസാനിപ്പിക്കേണ്ട ജാഗ്രതയുണ്ടായില്ല. എൻ.എം. വിജയന്റെ മരണത്തിന് പിന്നാലെയെങ്കിലും കുടുംബത്തെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. അതിലും നേതൃത്വം പരാജയപ്പെട്ടെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. ഡിസംബര് 27നാണ് വിജയനും ഇളയ മകൻ ജിജേഷും കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ചത്. 24ന് ഇരുവരെയും മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിരുന്നു. നേതാവിന്റെയും മകന്റെയും മരണം വാർത്തകളിൽ ചെറുതായെങ്കിലും ഇടം പിടിച്ചതോടെ വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് കെപിസിസി. അന്വേഷണമൊക്കെ അതിന്റെ വഴിക്ക് നടക്കുമ്പോഴും സാമൂഹ്യ മാധ്യമങ്ങൾ വിരൽചൂണ്ടുന്നത് മുഖ്യധാരാ വാർത്താമാധ്യമങ്ങൾക്ക് കോൺഗ്രസിനോടുള്ള പരിലാളനയിലും പരിഗണനയിലുമാണ്.