ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ജമ്മുകശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ സംസാരിക്കവെ ദേഹാസ്വസ്ഥ്യം. ജമ്മുകശ്മീരിലെ കത്വയിലായിരുന്നു റാലി.
പ്രസംഗം തുടങ്ങുമ്പോൾ മുതൽ ഖാർഗെ അസ്വസ്ഥനായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ വാക്കുകൾ മുറിഞ്ഞ് ശ്വാസോച്ഛാസം ദ്രുതഗതിയിലായി. ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കളെത്തി ഖാർഗെയെ താങ്ങി നിർത്തി. വെള്ളം കുടിച്ച ശേഷം വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യമുണ്ടായി.
തുടർന്ന് പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങുകയുമായിരുന്നു.ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ഖാർഗെ പിന്നീട് പറഞ്ഞു.
‘ഇപ്പോൾ എനിക്ക് 83 വയസുണ്ട്. അത്ര പെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കും വരെ ഞാൻ ജീവിച്ചിരിക്കും’– ഖാർഗെ പറഞ്ഞു.
പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദം താഴ്ന്നതാണ് കാരണമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ പറഞ്ഞു.