വയനാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ കിറ്റ് വിവാദത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്. ഒന്നല്ല, രണ്ട് തരം കിറ്റുകളാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങള്‍ പുഴുവരിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നു. കിറ്റിലുണ്ടായിരുന്ന അരി, റവ എന്നിവ ഭക്ഷ്യയോഗ്യമല്ല. ഒപ്പം ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തതും തിരിച്ചടിയായി മാറി.
മേപ്പാടി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിനാണ്. അതിനാല്‍ത്തന്നെ വിഷയത്തില്‍ മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പുഴുവരിച്ച ഭക്ഷ്യധാന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തിയാണ് ദുരന്തബാധിതര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസിനെതിരെ കിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തെത്തി. പ്രതിഷേധത്തിനിടെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഇഎംഎസ് ഹാളിലും പ്രതിഷേധിച്ചു.
റവന്യൂവകുപ്പ് നല്കിയ ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പുഴുവരിച്ച അരി വിതരണം ചെയ്തത് ഗൗരവമായ സംഭവമാണെന്ന് റവന്യുമന്ത്രി കെ രാജന് വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് തേടി. വിതരണം ചെയ്ത ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ റവന്യു വകുപ്പ് ഏറ്റവും ഒടുവില്‍ നല്‍കിയവയല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. കിറ്റ് രൂപത്തില്‍ സെപ്തംബര്‍ മാസത്തിലാണ് സാധനങ്ങള്‍ നല്‍കിയതെന്നും അതാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നതെന്നുമാണ് റവന്യു വകുപ്പ് പറയുന്നത്. ഒക്ടോബര്‍ 31 നും നവംബര്‍ ഒന്നിനും വിതരണം ചെയ്തത് ചാക്കിലാക്കിയ അരിയെന്ന് മന്ത്രി വ്യക്തമാക്കി. പുഴുവരിച്ചത് ചെറിയ പാക്കറ്റിലാക്കിയ സാധനങ്ങളാണ്. റവയും മൈദയും അവസാനം വിതരണം ചെയ്തത് സെപ്തംബര്‍ 9 നാണെന്നും മന്ത്രി പറയുന്നുണ്ട്.
അതേസമയം, വയനാട് വിതരണം ചെയ്യാന്‍ സൂക്ഷിച്ചുവെച്ചതില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വയനാട് ദുരന്തത്തിന് മുമ്പുള്ള ഭക്ഷ്യവസ്തുക്കളും ഇതിലുണ്ടെന്നാണ് ഗൗരവകരമായ കാര്യം. എന്‍ജിഒകള്‍ വഴി റവന്യു വകുപ്പ് നല്കിയ കിറ്റുകളാണിതെന്ന് പഞ്ചായത്ത് പറയുന്നു. ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിനായി നല്‍കിയതെന്നാണ് ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. എന്നാല്‍ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ മറുപടി നല്കുന്നു. എന്തായാലും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളാണ് ദുരന്തബാധിതര്‍ക്ക് ലഭിച്ചതെന്ന് വ്യക്തം. അതിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യമാണ് ഉയരുന്നത്. അതിനുത്തരം പരസ്പരമുള്ള പഴിചാരലുകള്‍ മാത്രമാകും.
വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടിയ ഭക്ഷ്യ കിറ്റുകളാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച സാധനങ്ങളാണ് പിടികൂടിയത്.
വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധി, നിലവിലെ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി എന്നിവരുടെ ഉള്‍പ്പെടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിച്ച നിലയിലാണ് കിറ്റുകള്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണെന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്ന കിറ്റുകളെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
എന്നാല്‍ വോട്ട് ലക്ഷ്യമിട്ടുള്ള കിറ്റുകളെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി ആരോപിക്കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നാണ് സിപിഐഎം നേതാവ് സികെ ശശീന്ദ്രന്റെ പ്രതികരണം.