മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിസിസിഐ. പരമ്പര നടക്കുന്ന മുഴുവൻ സമയവും ക്രിക്കറ്റ് താരങ്ങളുടെ കുടുംബം താരങ്ങളുടെ കൂടെ ചെലവഴിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ പ്രധാന നിബന്ധന.
എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. 45 ദിവസത്തെ പര്യടനമാണെങ്കില്‍ രണ്ട് ആഴ്ച്ച മാത്രം കുടുംബത്തിന് താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാം. താരങ്ങള്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നൽകുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല.
ബോർഡർ ഗവാസ്കർ ട്രോഫി മത്സരത്തിൽ ഇന്ത്യ 1-3ന് തോറ്റതിന് പിന്നാലെയാണ് ഈ നിർദേശം. കളിക്കാരുടെ ലഗേജ് പരിധിയായ 150 കിലോ കവിഞ്ഞാൽ കളിക്കാർ അധിക ചാർജുകൾ നൽകേണ്ടിവരും.
ചീഫ് സെലക്ടർ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ എന്നിവരുൾപ്പെട്ട ബിസിസിഐ അവലോകന യോഗമാണ് മാർഗനിർദേശങ്ങൾ നിർദേശിച്ചത്.