കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു. പകരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴംഗ അഡ്ഹോക് കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനിടെ കയ്യാങ്കളി ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നിലവിലെ ഏരിയാ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്ന് ഗോവിന്ദന് അഭിപ്രായപ്പെട്ടു. ഏരിയാ കമ്മറ്റിക്ക് കീഴിലെ പല ലോക്കല്‍ സമ്മേളനങ്ങളും ശരിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയെ ആകെ പ്രയാസപ്പെടുത്തിയ നിലപാടാണ് കഴിഞ്ഞ ദിവസം ഉണ്ടായത്, ഇത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയാണ് പാര്‍ട്ടി ഓരോ നിമിഷവും കടന്ന് പോകുന്നത്. തെറ്റായ എല്ലാ പ്രവണതയും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കത്തെ തുടര്‍ന്ന് ഈ മാസം 11 ന് നിര്‍ത്തിവെച്ച കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം 28 ന് സംസ്ഥാന സമിതി അംഗങ്ങളായ കെ സോമപ്രസാദ്, കെ രാജഗോപാല്‍ എന്നിവരുടെ നിരീക്ഷണത്തിലാണ് നടന്നത്. എന്നാല്‍ ഈ നേതാക്കളെ ഉള്‍പ്പെടെ പൂട്ടിയിടുന്ന സാഹചര്യമുണ്ടായി. ഏകപക്ഷീയമായി ലോക്കല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തെന്ന് ആരോപിച്ചാണ് ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയത്.