പാലക്കാട്: പാലക്കാട് അയിലൂർ സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ ബന്ധുക്കളുടെ രേഖകൾ ഉപയോഗിച്ചു വായ്പത്തട്ടിപ്പ് നടത്തിയതിനാണ് സിപിഎം നേതാക്കൾ അറസ്റ്റിലായത്. ബാങ്ക് മുൻ പ്രസിഡന്റ് തലവട്ടാംപാറയിൽ വിജയൻ(74), മുൻ സെക്രട്ടറി കഴണിച്ചിറ രാഘവദാസൻ(62) ജീവനക്കാരൻ വിത്തനശേരി നടക്കാവ് രതീഷ്(46) എന്നിവരെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിൽ കയറാടി കൈതച്ചിറ സനോജ് വർഗീസിനെ(47) 4 മാസം മുൻപ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സനോജിൻ്റെ അമ്മ, ഭാര്യ, സഹോദരി എന്നിവരുടെ രേഖകൾ നൽകി 2015ൽ ബാങ്കിൽ നിന്നു 10 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 2022 ലെ ഓഡിറ്റ് പരിശോധനയിൽ പലിശയുൾപ്പെടെ 47 ലക്ഷം രൂപ കുടിശ്ശിക വന്നു. വായ്പ എടുത്തവർക്ക് നോട്ടിസ് നൽകി ഓഡിറ്റർ നടത്തിയ തെളിവെടുപ്പിൽ ഇവർ വായ്പകൾ എടുത്തിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ ഓഡിറ്റർ നെന്മാറ പൊലീസിൽ പരാതി നൽകി. 2015ലെ ഭരണ സമിതി അംഗങ്ങളെയും സെക്രട്ടറിയെയും ജീവനക്കാരെയും പ്രതിചേർത്ത് കേസെടുത്തു.