കേരളത്തിൽ പൊതുവേ തെരഞ്ഞെടുപ്പുകളിലെ മത്സരം ഏതെങ്കിലും പാർട്ടികൾക്ക് അപ്പുറത്തേക്ക് മുന്നണികൾ തമ്മിലാണ്. സംസ്ഥാനത്തെ പ്രബലമായ രണ്ടു മുന്നണികളാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും. എന്നാൽ സമീപകാലത്തായി ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ അപ്രസക്തമാവുകയും സിപിഎം എന്ന ഒറ്റ പാർട്ടിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുകയാണ്. സംസ്ഥാനത്ത് പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്കായിരുന്നു പ്രചാരണത്തിന് പൂർണമായും നേതൃത്വം നൽകിയത്. സാധാരണയായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ അതാത് ഘടകകക്ഷികൾ അവരുടെ യോഗം കൂടുകയും അടുത്തഘട്ടമായി കൺവെൻഷൻ വിളിച്ചു ചേർക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യാറുണ്ട്. എന്നാൽ വയനാട്ടും പാലക്കാടും ചേലക്കരയിലും അത്തരം യോഗങ്ങൾ പോലും കാര്യക്ഷമമായി നടന്നിരുന്നില്ല.
കുറച്ചുകാലമായി വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സർക്കാരിൽ നിന്നും ഘടകക്ഷികൾ അകലം പാലിക്കുകയാണ്. നിയമസഭയിലും പുറത്തും മുഖ്യമന്ത്രിക്ക് എതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ മന്ത്രിമാർ പോലും പിണറായി വിജയന് പ്രതിരോധം തീർക്കാഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇടതുമുന്നണി യോഗങ്ങൾ പ്രഹസനമായി മാറുന്നുവെന്നും എല്ലാ തീരുമാനങ്ങളും നിലപാടുകളും സ്വീകരിക്കപ്പെടുന്നത് ഒരു കേന്ദ്രത്തിൽ നിന്നാണെന്നും ഘടകകക്ഷികൾക്ക് ആക്ഷേപമുണ്ട്. പല ഘട്ടങ്ങളിലും ഘടകകക്ഷികൾ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുവാൻ വിധിക്കപ്പെട്ടവരായും മാറുന്നു. ഇതിന്റെ അസ്വസ്ഥയിൽ നിന്നും ഉണ്ടായതാണോ മണ്ഡലങ്ങളിലെ അസാന്നിധ്യമെന്ന് വ്യക്തമാക്കേണ്ടത് ഘടകകക്ഷികൾ തന്നെയാണ്. പി.സി ചാക്കോ നേതൃത്വം നൽകുന്ന എൻസിപിയും ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസും(എം) ശ്രെയാംസ് കുമാറിന്റെ ആർജെഡിയും പ്രചാരണ രംഗത്ത് തീരെയില്ലായിരുന്നു. ഇടതുപക്ഷത്തിലെ പ്രധാന ഘടകകക്ഷിയായ സിപിഐ പോലും കാര്യമായി മുന്നണി പ്രവർത്തനങ്ങളിൽ സജീവമല്ല
അതേസമയം, ഘടകകക്ഷികൾ പലതും കുറച്ചുകാലമായി സിപിഎമ്മിന് തലവേദന സൃഷ്ടിക്കുകയായിരുന്നു. എൻസിപിയിലെ മന്ത്രിവിവാദവും പി എസ് സി നിയമന കോഴ വിവാദവും ജെ ഡി എസിന്റെ കേന്ദ്രത്തിലെ സംഘപരിവാർ ബന്ധവുമെല്ലാം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അതിന്റെ അരിശം കൊണ്ടാണോ ഘടകകക്ഷികളെ അടുപ്പിക്കാത്തതെന്ന സംശയവും തോന്നിയാൽ തെറ്റുപറയുവാൻ പറ്റില്ല. ചില ഘടകകക്ഷികൾ മുന്നണി വിടാൻ ശ്രമിക്കുന്നതായി മനസ്സിലാക്കി അവരുടെ ശക്തി ഇല്ലാതാക്കുവാൻ ചില ഇടപെടലുകളും സിപിഎം നടത്തുന്നുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് അധികം വൈകാതെ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറുമെന്ന് സിപിഎം കേന്ദ്രങ്ങൾ കരുതുന്നു. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും നേതാക്കൾക്കും എതിരെ സർക്കാരും സിപിഎമ്മും സമീപനങ്ങൾ സ്വീകരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി വനം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന ചെയർമാനും എംപിയുമായ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. പരിഹാസത്തോടെയുള്ള ശശീന്ദ്രന്റെ വിമർശനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതായത് മാണി ഗ്രൂപ്പ് ഇടതുമുന്നണി വിട്ടാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പറയാതെ പറയുകയാണ്. ശശീന്ദ്രനിലൂടെ പറയിപ്പിക്കുകയും ചെയ്യുകയാണ്.
സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ തകർത്തു തരിപ്പണമാക്കി എല്ലാ ശക്തിയും എന്ന ഒറ്റ കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് സിപിഎം. എൻസിപിയിലെ ശശീന്ദ്രനെ മാറ്റിനിർത്തിയാൽ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ഉൾപ്പെടെയുള്ള ആളുകളെ സിപിഎം പൂർണമായും പടിക്ക് പുറത്തു നിർത്തിയിരിക്കുകയാണ്. ഘടകകക്ഷികളിലെ എംഎൽഎമാർ ഉൾപ്പെടെ പലരും ഈ നീക്കങ്ങളിൽ അസ്വസ്ഥരാണെന്നാണ് ലഭിക്കുന്ന വിവരം. ഒരുകാലത്ത് സിപിഐ കേരളത്തിലെ ശക്തിയുള്ള പാർട്ടികളിൽ ഒന്നായിരുന്നു. എന്നാൽ ഇന്ന് ഇടതുമുന്നണിക്കുള്ളിൽ ശോഷിച്ച ഒരു ഘടകമായി സിപിഐ മാറി. പലയാവർത്തി അവർ അതിജീവനത്തിന് ശ്രമിച്ചപ്പോഴും നിരാശയായിരുന്നു ഫലം. സിപിഐയിലെ ചിലരെങ്കിലും ഇടതുമുന്നണി വിട്ട് ആത്മാഭിമാനത്തോടെ നിലകൊള്ളണമെന്ന അഭിപ്രായമുള്ളവരാണ്. പക്ഷേ അത്തരമൊരു നിലപാട് സ്വീകരിച്ചു ഒറ്റയ്ക്ക് മത്സരിക്കുവാനുള്ള കരുത്ത് ഇന്നത്തെ സിപിഐക്ക് ഇല്ല. അതുകൊണ്ട് ഇങ്ങനെ തട്ടിയും മുട്ടിയും പോവുകയാണ്. എന്തായാലും ഒപ്പമുള്ളവരെ എല്ലാം തളർത്തി ഒറ്റയ്ക്ക് വളർന്നു സിപിഎം ഇടതുമുന്നണി അടക്കി വാണുകയാണ്.