സിപിഎം അവരുടെ ജില്ലാ സമ്മേളനങ്ങൾ പൂർത്തീകരിച്ച് സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലാണ്. പല ജില്ലകളിലും ഏറെക്കുറെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഏരിയ സെക്രട്ടറിമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ഏരിയ സെക്രട്ടറിമാരിൽ ഒരൊറ്റ വനിതാ മുഖങ്ങളെ പോലും ഉൾപ്പെടുത്തുവാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇതാണ് പലതരത്തിലുള്ള വിമർശനങ്ങൾക്ക് പ്രധാനമായും വഴി വെച്ചിരിക്കുന്നത്. എ പി അബുബക്കർ മുസ്ലിയാരുടെ വിമർശനത്തോടെയായിരുന്നു വിവാദമായി ഇത് മാറുന്നത്. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നുമായിരുന്നു കാന്തപുരത്തിന്റെ വിമർശനം. അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ എംവി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നു മായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. പിന്നാലെയാണ് സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി. അന്യപുരുഷൻമാരും സ്ത്രീ ഇടകലരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറയാണ്. ഏതോ ഒരു വ്യായാമത്തിൻ്റെ പേരിലാക്കി തൻ്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നു. എന്നിട്ട് അതിനു കുറെ ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർമാരും അഭിപ്രായം പറയുന്നു. തങ്ങൾ പറയുന്നതിന് ഇങ്ങനെ കുതിര കയറാൻ വരണോയെന്നും സിപിഎം നേതൃത്വത്തോട് കാന്തപുരം ചോദിച്ചിരുന്നു. ഏരിയ സെക്രട്ടറിമാരുടെ ലിസ്റ്റിലെ വനിതാ നേതാക്കളുടെ അസാന്നിധ്യം മാത്രമല്ല ചർച്ചയാകേണ്ടത്. ലിസ്റ്റിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർ നന്നേ കുറവാണെന്നതാണ് യാഥാർത്ഥ്യം. അത് സ്വാഭാവികമായും സംഭവിച്ചതാണെന്ന് സിപിഎം പറഞ്ഞാലും അങ്ങനെ വിശ്വസിക്കുവാൻ തരമില്ല.
സിപിഎം കുറച്ചുനാളുകളായി ഭൂരിപക്ഷ അനുകൂല സമീപനങ്ങളാണ് സ്വീകരിച്ചു പോകുന്നത്. ഇടയ്ക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത ആഭിമുഖ്യം പുലർത്തുകയും ആ ഘട്ടത്തിൽ ലീഗിനെ പോലും വലിയതോതിൽ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും നിലപാട് മാറ്റി ഭൂരിപക്ഷത്തിന് അനുകൂലമായ അടവ് നയമാണ് പാർട്ടി സ്വീകരിക്കുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഏരിയ സെക്രട്ടറിമാരുടെ ലിസ്റ്റെന്ന് പറയപ്പെടുന്നു. ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചതിന് ചില കാരണങ്ങളുമുണ്ട്. ഇടതുപക്ഷം ശക്തമായ കേരളത്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ വിശിഷ്യാ മുസ്ലിം വോട്ടുകൾ അവർക്ക് കൂടുതൽ ലഭിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നു. പൗരത്വ പ്രക്ഷോഭം, മുത്തലാഖ് ഉൾപ്പെടെയുള്ള നിയമങ്ങൾ, ഏക സിവിൽകോഡ്, ഹിജാബ് വിവാദം, ലവ് ജിഹാദ്- ദ കേരള സ്റ്റോറി സിനിമ, പലസ്തീൻ ഐക്യദാർഢ്യം എന്നിങ്ങനെ മുസ്ലിം വൈകാരികതയെ ബാധിക്കുന്ന വിഷയങ്ങളിൽ എല്ലാം ശക്തമായ മുസ്ലിം അനുകൂല നിലപാടാണ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചത്. മാത്രമല്ല, രാജ്യത്തിന്റെ നിയമ-ഭരണ- സാംസ്കാരിക സംവിധാനങ്ങളെ കാവിവല്ക്കരിക്കുന്നതിനു എതിരെയും മതേതര ഭരണഘടന സംരക്ഷിക്കുന്നതിനും തങ്ങൾക്കുള്ള പ്രതിബദ്ധത മറയില്ലാതെ പ്രകടിപ്പിക്കാൻ ഇടതുപക്ഷം തയ്യാറായിരുന്നു.
കേരളത്തിലെ പ്രബല മുസ്ലിം മതസംഘടനകളോട് കലഹത്തിൽ ഏർപ്പെടുകയോ അവരുടെ അപ്രിയം നേടുകയോ ചെയ്ത സാരമായ സംഭവങ്ങൾ സി പി എമ്മിന്റെയോ മറ്റ് ഇടതുകക്ഷികളുടെയോ ഭാഗത്ത് നിന്ന് ഈ കാലയളവിലുണ്ടായിരുന്നില്ല. മാത്രമല്ല, മതനേതൃത്വങ്ങളുമായി ഒരു ഹോട്ട്ലൈൻ സ്ഥാപിക്കുന്നതിൽ സിപിഎം വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിച്ചില്ല. മാത്രവുമല്ല കാലങ്ങളായി തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഭൂരിപക്ഷ വോട്ടുകളിൽ കടുത്ത വിള്ളൽ സംഭവിക്കുകയും ചെയ്തു. ആലപ്പുഴ ലോക്സഭാ മണ്ഡലം എടുത്തു പരിശോധിച്ചാൽ ശോഭാ സുരേന്ദ്രനിലേക്ക് പോയ വോട്ടുകൾ ഏറെയും സിപിഎമ്മിന്റെ ആയിരുന്നു. അതായത് ആലപ്പുഴയിൽ ലഭിച്ചതിൽ ഈഴവ വോട്ടുകൾ വലിയതോതിൽ ഉണ്ടെന്നത് യാഥാർത്ഥ്യം. ആ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുവാൻ പോയ വകയിൽ കിട്ടിയ എട്ടിന്റെ പണിയായി സിപിഎം നേതാക്കൾ പോലും വിലയിരുത്തിയിട്ടുണ്ടാവും. എത്രകണ്ട് കണ്ണു വച്ചാലും ന്യൂനപക്ഷം തങ്ങൾക്ക് ഒപ്പം നിൽക്കുന്ന രക്ഷയില്ലെന്ന് സിപിഎം മനസ്സിലാക്കുന്നുണ്ടാവും. ഇതോടെയാകും ഭൂരിപക്ഷത്തെ എങ്കിലും ചേർത്തു പിടിക്കാനുള്ള നെട്ടോട്ടം സിപിഎം ആരംഭിക്കുന്നത്.