രാജേഷ് തില്ലങ്കേരി
വനംമന്ത്രി എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്കുന്നതില് മുഖ്യമന്ത്രിക്കും സി പി ഐ എം നേതൃത്വത്തിനും കടുത്ത അതൃപ്തി. മന്ത്രിമാറ്റചര്ച്ചകളും വിവാദങ്ങളും മന്ത്രിസഭയ്ക്ക് ആകമാനം ദുഷ്പ്പേരുണ്ടാക്കുകയാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി എന്‍ സി പിയില്‍ മന്ത്രിമാറ്റ ചര്‍ച്ചകള്‍ വലിയവിവാദമായിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് എല്‍ ഡി എഫിനെ പ്രതിരോധത്തിലാക്കുകയാണെന്നുമാണ് സി പി ഐ എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മന്ത്രിമാറ്റ വിഷയത്തില്‍ സി പി ഐ എം ദേശീയ നേതൃത്വത്തെ നേരില്‍ ബന്ധപ്പെട്ട പി സി ചാക്കോയുടെ നിലപാടിനോടും സി പി ഐ എം നേതൃത്വത്തിന് കടുത്ത അഭിപ്രായ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞാല്‍ എന്‍ സി പിക്ക് പകരം മന്ത്രിയുണ്ടാവണമെന്നാണ് ഏ കെ ശശീന്ദ്രന്റെ ആവശ്യം. മന്ത്രിസഭയിലേക്ക് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനെ ഉള്‍പ്പെടുത്താനാവില്ലെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രിയും സി പി ഐ എമ്മും കൈക്കൊണ്ടിരിക്കുന്നത്.
രണ്ടുമാസം മുന്‍പ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്ന കോഴവിവാദവും മറ്റ് പരാതികളുമാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിന് തടസമായി പറയുന്നത്. കോവൂര്‍ കുഞ്ഞുമോന്, ആന്റണി രാജു എന്നീ എം എല്‍ എമാരെ കാലുമാറ്റത്തിനായി സമീപിച്ചെന്നും, കോടികള്‍ കോഴയായി വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു ഉയര്‍ന്ന പരാതി. കോവൂര്‍ കുഞ്ഞുമോന് ഈ ആരോപണത്തെ തള്ളിയെങ്കിലും ആന്റണിരാജു കോഴവിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ സി പി ഐ എമ്മിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
സംസ്ഥാനത്തെ മന്ത്രി മാറ്റവിഷയത്തില്‍ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കഴിഞ്ഞദിവസം സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജന. സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് സന്ദര്‍ശിച്ചതാണ് മുഖ്യമന്ത്രിയേയും സി പി ഐ എം സംസ്ഥാന നേതൃത്വത്തെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുന്ന മറ്റൊരു വിഷയം. തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കെ ഇത്തരത്തിലൊരു വിവാദം എല്‍ ഡി എഫിന് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
മുന്‍ധാരണ പ്രകാരം രണ്ടരവര്‍ഷത്തിനുശേഷം മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നത് നേരത്തെ ഉണ്ടാക്കിയ ധാരണയാണെന്നും ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാവുന്നതാണെന്നുമായിരുന്നു തോമസ് കെ തോമസിന്റെ നിലപാട്. മന്ത്രിമാറ്റത്തില്‍ എന്‍ സി പി ദേശീയ നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും പാര്‍ട്ടി നേതൃത്വം മന്ത്രിമാറ്റം രേഖാമൂലം അറിയിച്ചാല്‍ പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നേരത്തേയുള്ള നിലപാട്. എന്നാല്‍ മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് സി പി ഐ എം നേതൃത്വം.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനത്തേക്ക് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് വരുന്നതില്‍ മുഖ്യമന്ത്രി താല്പര്യക്കുറവ് പ്രകടിപ്പിക്കുന്നത്. എ കെ ശശീന്ദ്രന് രാജി സന്നദ്ധത അറിയിച്ചുണ്ട്. പകരം മന്ത്രിയുണ്ടാവണമെന്ന ആവശ്യം മാത്രമാണ് ശശീന്ദ്രന് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ മന്ത്രി മാറ്റത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവില്ലെന്നും, മന്ത്രിസ്ഥാനത്ത് ശശീന്ദ്രന് തന്നെ തുടരുമെന്നുമാണ് ലഭിക്കുന്ന വിവരം.
മുംബൈയില്‍ എന്‍ സി പി അധ്യക്ഷനെ കാണാനായി പോയ തോമസ് കെ തോമസ് ഇന്ന് തിരികെ തിരുവനന്തപുരത്ത് എത്തിയിരിക്കയാണ്. മന്ത്രിമാറ്റ വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്താനായാണ് തോമസ് കെ തോമസിന്റെ ശ്രമം. മന്ത്രിമാറ്റമെന്ന ആവശ്യം നേടിയെടുക്കാനായി തോമസ് കെ തോമസ് നടത്തുന്ന ഏറ്റവും അവസാനത്തെ ശ്രമം കൂടിയാണിത്.
ഇതിനിടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്കെതിരെ എന്‍ സി പിയില്‍ പടയൊരുക്കം ശക്തമായിരിക്കയാണ്. മന്ത്രി എ കെ ശശീന്ദ്രനേയും തോമസ് കെ തോമസിനേയും ഒരുപോലെ എതിര്‍ക്കുന്ന നിലപാടാണ് പി സി ചാക്കോ സ്വീകരിച്ചിരിക്കുന്നതെന്നും. മന്ത്രി സ്ഥാനത്തു നിന്നും എ കെ ശശീന്ദ്രനെ രാജിവെപ്പിച്ച് പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം ഇല്ലാതാക്കാനുള്ള ശ്രമം ചാക്കോ നടത്തുകയാണെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റാനുള്ള നീക്കവും ഒരുവിഭാഗം ആരംഭിച്ചിരിക്കയാണ്.