കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാന്‍ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിയില്‍ ആലോചിച്ചാല്‍ മനസിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
രാവിലെ വിവരാവകാശ കമ്മീഷന് കൊടുക്കണമെന്ന് പറഞ്ഞ ഭാഗം കൊടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സമ്മര്‍ദ്ദം സര്‍ക്കാരിനു മേലുണ്ട്.
സര്‍ക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഇതിനു വഴങ്ങുന്നുമുണ്ട്. മറ്റുള്ള ഒരു വിശദീകരണവും വിശ്വസനീയമായി തോന്നുന്നില്ല. സര്‍ക്കാരിന് ഒളിപ്പിക്കാന്‍ ഒന്നുമില്ലെന്ന വാദമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അപ്പോള്‍ പിന്നെ ഒളിപ്പിക്കുന്നത് ആരാണെന്നും ആഷിക് അബു ചോദിച്ചു.
സര്‍ക്കാരിന്റെ ഭാഗത്തുള്ള ആരാണ് ലൈംഗികാതിക്രമം ഉണ്ടെന്ന ഉള്ളടക്കമുള്ള റിപ്പോര്‍ട്ട് വായിച്ചത്? അപ്പോൾ അതൊരു ക്രിമിനല്‍ കുറ്റമാണെന്നു ബോധ്യപ്പെട്ടിരുന്നില്ലേ? സര്‍ക്കാരിന് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാമായിരുന്നല്ലോ. സാങ്കേതികത്വം മറിക്കടക്കാനുള്ള നിയമപരിജ്ഞാനം ഇല്ലാത്തവരാണോ സര്‍ക്കാരില്‍ ഉള്ളതെന്നും ആഷിക് അബു ചോദിച്ചു.