പാലക്കാട്: പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിന് നിര്‍ദേശവുമായി സിപിഐഎം നേതൃത്വം. ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെയാണ് സരിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സരിന് വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തിയാല്‍ മാത്രം മതിയെന്നും വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നുമാണ് നിര്‍ദേശം.
2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്തെന്നും ഇതാണ് ഷാഫി ജയിക്കാന്‍ കാരണമെന്നുമായിരുന്നു സരിന് പറഞ്ഞത്. ഷാഫി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും ഇത്തവണ നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്ക് അനുകൂലമായി ചെയ്ത വോട്ടാണെന്നും സരിന് പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി സരിന് രംഗത്തെത്തി. എല്‍ഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു പ്രതികരണം.