കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇരയായ ഹർഷിനയുടെ തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിക്കാൻ ഹർഷിന സമര സമിതി. മേയ്-15നാണ് ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമാവുക. ഹർഷിനയുടേയും സമര സമിതി ഭാരവാഹികളുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം സമാഹരിക്കുക. ചികിത്സയ്ക്കും കേസ് മുന്നോട്ട് കൊണ്ടുപോവാനുമുള്ള പണം ശേഖരിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യും.
വയറിനുള്ളിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാഗത്ത് വേദന കടുത്തതോടെയാണ് ഹർഷിന വീണ്ടും വിദഗ്ദ പരിശോധനയ്ക്ക് വിധേയയായത്. കത്രിക നീക്കം ചെയ്ത ഭാഗത്തെ ഗ്രോത്ത് നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രക്രിയ ആവശ്യമായുണ്ട്. തുടർചികിത്സയ്ക്ക് വരുന്ന ചിലവ് താങ്ങാൻ വയ്യാതായതോടെയാണ് ഹർഷിന സമര സമിതി ക്രൗഡ് ഫണ്ടിങ് തുടങ്ങാൻ തീരുമാനിച്ചത്. തുടർചികിത്സയുടെ ചിലവ് സർക്കാർ വഹിക്കണം എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയയ്ക്കാനും ഹർഷിന സമര സമിതി തീരുമാനിച്ചിട്ടുണ്ട്.
മേയ് അവസാനമാണ് ഹർഷിനയുടെ ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമായ പണം കയ്യിലില്ലാത്തതിനാൽ ശസ്ത്രക്രിയ നീട്ടിവെക്കേണ്ടി വരുമോ എന്ന ആശങ്കയും ഹർഷിനയ്ക്കുണ്ട്. കടുത്ത വയറുവേദന സഹിച്ച് ഓരോ ദിവസവും തള്ളിനീക്കുന്ന ഹർഷിനയ്ക്ക് ശസ്ത്രക്രിയ വൈകുന്നതും ബുദ്ധിമുട്ടുണ്ടാക്കും.