കൽപറ്റ: ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ സൈബർ ക്രൈം പൊലീസ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഈ വർഷത്തെ കണക്കുകൾ പ്രകാരം ഇതുവരെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഓൺലൈനായും നേരിട്ടും ലഭിച്ച 644 പരാതികളിൽ 367 പരാതികൾ തീർപ്പാക്കി.
ആറു മാസത്തിനുള്ളിലാണ് ഈ നേട്ടം. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 29, സോഷ്യൽ മീഡിയ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് 213, വ്യാജ അക്കൗണ്ട് നിർമിച്ച കേസ് 15, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തത് 110 എന്നിങ്ങനെയുള്ള 367 പരാതികളാണ് തീർപ്പാക്കിയത്.
ഇവയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച 29 പരാതികളിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിൽ ആറു ലക്ഷം രൂപ പരാതിക്കാർക്ക് തിരികെ ലഭ്യമാക്കുകയും ചെയ്തു. കൂടാതെ വിവിധ പരാതികളിലായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ തന്നെ 1,79,371 രൂപ പരാതിക്കാർക്ക് തിരിച്ചുപിടിച്ചു നൽകിയിട്ടുമുണ്ട്.