ചെന്നൈ : കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളക്കെട്ടിലായി. നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. 134 സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. എട്ട് പ്രദേശങ്ങളിലെ വെള്ളം നീക്കം ചെയ്തു. ബാക്കി സ്ഥലങ്ങളിലെ നീക്കം ചെയ്യൽ പ്രവർത്തികൾ തുടരുകയാണ്.
ഓൾഡ് മഹാബലിപുരം റോഡ്,ഫൈവ് ഫർലോങ് റോഡ്,മൈലാപ്പൂർ റോഡ് തുടങ്ങിയ പ്രധാനപ്പെട്ട റോഡുകൾ ഒക്കെ വെള്ളക്കെട്ടിലായി. തീരപ്രദേശത്ത് താമസിക്കുന്നവരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ചെന്നൈ ബീച്ചിനും വേളാച്ചേരിക്കുമിടയിൽ ട്രെയിൻ സർവീസുകൾ നിർത്തി വച്ചു.
മഴയും കാറ്റും ശക്തിപ്രാപിച്ചതിനാൽ ചെന്നൈ വിമാനത്താവളം ഇന്ന് വൈകിട്ട് 7 മണി വരെ താൽക്കാലികമായി അടച്ചിടും. ശക്തമായ കാറ്റിൽ ഒമ്പത് മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസമായി. ഇത് നീക്കം ചെയ്ത് വരുകയാണ്.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുനമര്‍ദമാണ് ഫെങ്കൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ നിരവധി ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.