ചെന്നൈ: തമിഴ്നാട്ടില്‍ നാശം വിതച്ച് ഫിന്‍ജല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കനത്ത കാറ്റിലും മഴയിലും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഗണേശപുരം സബ്വേ മോട്ടോര്‍ റൂമിലെ തൊഴിലാളിയായിരുന്ന ഇശൈവനന്‍ (24) ആണ് മരിച്ചത്.
സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം നാളെ പുലര്‍ച്ചെ നാല് മണി വരെ അടച്ചിട്ടുണ്ട്. നൂറിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 19 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടെ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. മീനമ്പക്കത്താണ് കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്.ചെന്നൈയില്‍ മറ്റ് രണ്ട് പേര്‍ക്ക് വൈദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം 114.2 മില്ലിമീറ്റര്‍ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. നുങ്കമ്പാക്കത്ത് 104.2 മില്ലിമീറ്റര്‍ മഴയും റിപ്പോര്‍ട്ട് ചെയ്തു